മീഡിയ വൺ കേസിൽ സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളും നാടകീയ രംഗങ്ങളും
മീഡിയ വൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളും കോടതി നടപടികളും ഇങ്ങനെ.
ബെഞ്ച്: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്.
മീഡിയ വൺ ഉടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്. ഇതിൽ മുകുൾ റോത്തഗി ലണ്ടനിൽനിന്ന് വീഡിയോ കോൺഫെറൻസിലൂടെയാണ് പങ്കെടുത്തത്. ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും കോടതി മുറിയിൽ നേരിട്ട് ഹാജരാജി. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വീഡിയോ കോൺഫെറൻസിലും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് കോടതി മുറിയിലും എത്തി.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): കേസിന്റെ വാദം ആരംഭിക്കുന്നതിന് മുമ്പ് ഒരു കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്താനുണ്ട്. ഇന്ന് പതിനാലാമത്തെ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുദ്രവെച്ച കവറിൽ സർക്കാർ രേഖകൾ കൈമാറുന്നതിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഇത്തരം മുദ്രവെച്ച കവറിലുളള രേഖകൾ ഈ കോടതിയിലേക്ക് കൊണ്ടുവരരുത് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ചാനൽ തുടങ്ങുമ്പോഴാണ് ലൈസൻസിന് സുരക്ഷാ പരിശോധന ആവശ്യമായിട്ടുള്ളത്. ലൈസെൻസ് പുതുക്കുമ്പോൾ സുരക്ഷാ ക്‌ളിയറൻസ് ആവശ്യമില്ല.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): ഞങ്ങൾക്ക് വിശദമായ ഒരു സത്യവാങ് മൂലം ഫയൽ ചെയ്യാൻ സമയം അനുവദിക്കണം. ചെറിയ സമയപരിധി അനുവദിച്ചാൽ മതി.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ചാനൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സത്യവാങ്മൂലം ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): എന്നു മുതലാണ് ചാനൽ അടച്ചിട്ടിരിക്കുന്നത്?
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഫെബ്രുവരി എട്ടു മുതൽ.
ജസ്റ്റിസ് സൂര്യകാന്ത് (ജഡ്ജി): : അതിനു മുമ്പോ?
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഞങ്ങൾ പ്രവർത്തിച്ചിരുന്നു. ലൈസൻസ് പത്തു വർഷത്തേക്കായിരുന്നു. ലൈസൻസ് കഴിഞ്ഞതിന് ശേഷവും രണ്ട് മാസം ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ലൈസൻസ് കാലാവധി കഴിയുന്നതിന് മുമ്പുതന്നെ ഞങ്ങൾ പുതുക്കാൻ അപേക്ഷ നൽകിയിരുന്നു.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണം.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണം. സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്യണം. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രതിമാസം ഉണ്ടാകുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം ഉണ്ടാ?
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഉണ്ട്.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എന്റെ കൈയിൽ അതിന്റെ പകർപ്പ് ഇല്ല.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): നിങ്ങളുടെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത രേഖ നിങ്ങളുടെ കൈയിൽ ഇല്ലെന്നാണോ?
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എന്റെ കൈയിൽ ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി) തന്റെ ഡെസ്‌ക് ടോപ്പിൽ സത്യവാങ്മൂലത്തിന്റെ പകർപ്പ് ഹർജിക്കാരുടെ പേപ്പർ ബുക്കിൽനിന്ന് പരിശോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ കണ്ടെത്താൻ കഴിയിയുന്നില്ല. സത്യവാങ്മൂലത്തിന്റെ പകർപ്പ് കോടതിക്ക് കൈമാറാൻ ഹാരിസ് ബീരാൻ ശ്രമിക്കുന്നു. എന്നാൽ ഡെസ്‌ക് ടോപ്പിൽ കണ്ടെത്താൻ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിക്കുന്നു.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): സാങ്കേതിക പരിജ്ഞാനത്തിന്റെ കാര്യത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നിലാണെന്നാണ് ഞങ്ങൾക്കിടയിലെ അഭിപ്രായം.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി) ചിരിക്കുന്നു. തുടർന്ന് സത്യവാങ്മൂലം ഉൾപ്പെട്ട പേജ് കണ്ടെത്തുന്നു. ദുഷ്യന്ത് ദാവെ ആ പേജുകൾ വായിക്കുന്നു.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ലൈസൻസ് പുതുക്കാൻ സുരക്ഷാ ക്ലിയറൻസ് ആവശ്യമില്ല. ഇക്കാര്യം ചട്ടങ്ങളിൽ വ്യക്തമാണ്. ഞങ്ങൾ സുരക്ഷാ ക്ലിയറൻസിനായി ആരെയും സമീപിച്ചിട്ടില്ല. സർക്കാരിന്റെ ഈ നടപടി അംഗീകരിച്ചാൽ സർക്കാരിനെ വിമർശിക്കുന്ന ഒരു മാധ്യമങ്ങൾക്കും നിലനിൽപ്പ് ഉണ്ടാകില്ല
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എല്ലാ കാര്യങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാം. അതിന് സമയം ആവശ്യമാണ്. അവർ ആവശ്യപ്പെടുന്നത് സ്റ്റേ ആണ്. ഇന്റലിജൻസ് ബ്യുറോയുടെ നിർണ്ണായകമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് : (സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട്) അങ്ങ് ആർക്കു വേണ്ടിയാണ് ഹാജരാകുന്നത്?
രാകേഷ് ദ്വിവേദി : ഞാൻ ഈ കേസിൽ ഹാജരാകുന്നില്ല. പക്ഷെ, ഇത്തരം നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ കോടതി ഉടൻ തീരുമാനം എടുക്കണം.
(ജഡ്ജിമാർ തമ്മിൽ ആശയവിനിമയം നടത്തുന്നു)
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): മിസ്റ്റർ രാജു (കേന്ദ്ര സർക്കാർ), നിങ്ങൾ ഹൈക്കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കിയതല്ലേ? അവരുടെ ചാനൽ അടച്ചുപൂട്ടിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ലൈസൻസ് നിഷേധിച്ചതെന്ന് അവരെ അറിയിക്കേണ്ടതല്ലേ. ആരോപണം എന്താണ് എന്നറിഞ്ഞാലല്ലേ അവർക്ക് മറുപടി നൽകാൻ കഴിയൂ.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എല്ലാ രേഖകളും ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ഫയലിൽ കൂടുതൽ വിവരങ്ങൾ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എല്ലാ കാര്യങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാം.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഹാജരാക്കിയ ഫയലുകളിൽ വിവരങ്ങൾ പൂർണ്ണമല്ലെന്ന് ഹൈക്കോടതി തന്നെ വ്യകതമാക്കിയിട്ടുണ്ട്.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): എന്റെ ഉദ്യോഗസ്ഥർ ഫയലുകളുമായി കോടതിയിലുണ്ട്. അവർ കോടതിക്ക് കൈമാറും.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ കൂടുതൽ വിശദാംശങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. അതാണ് പ്രശ്‌നം.
കെ.എം. നടരാജ് (കേന്ദ്ര സർക്കാർ): എല്ലാ രേഖകളും ഞങ്ങൾ ഹാജരാക്കാൻ തയ്യാറാണ്. അതിൽനിന്ന് ഒളിച്ചോടില്ല.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കൂ. ഞങ്ങൾ പ്രവർത്തിച്ചാൽ ആകാശം ഇടിഞ്ഞു വീഴില്ല. രേഖകൾ ഹാജരാക്കുന്നതിൽനിന്ന് ഞങ്ങളെ വിലക്കാൻ ജനാധിപത്യ വ്യവസ്ഥയിൽ ഒരു സർക്കാരിന് എങ്ങനെ കഴിയും? ന്യൂനപക്ഷ വിഭാഗത്തത്തിൽപെട്ടവരുടെ ചാനൽ ആയതിനാലല്ലേ ചാനൽ പൂട്ടിച്ചത്?
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്ന ശൈലിയോട് എനിക്ക് വിയോജിപ്പാണ്. ഞങ്ങൾ ഈ രേഖകൾ പരിശോധിക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പ് ഉണ്ടോ?
കെ.എം. നടരാജ് (കേന്ദ്ര സർക്കാർ): സംപ്രേക്ഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമർശിച്ചു. ഭരണസ്ഥാപനങ്ങൾക്ക് പോലും ഈ ഹർജിക്കാർ ഭീഷണിയാണ്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഭീഷണിപ്പെടുത്തുന്നത് ഞങ്ങളല്ല. ആ ആരോപണത്തിന്റെ പേരിൽ ഞങ്ങളെ അടച്ചുപൂട്ടാൻ നിങ്ങൾക്ക് കഴിയില്ല.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): വെളിച്ചമാണ് നമുക്ക് വേണ്ടത്, ചൂടല്ല. കോടതി വിധികളെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
കെ.എം. നടരാജ് (കേന്ദ്ര സർക്കാർ): നിങ്ങളുടെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഭീഷണി. തെളിവുകൾ ഹാജരാക്കാൻ തയ്യാറാണ്. ഇതിന് മീഡിയ വൺ മാപ്പ് പറയണം.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഈ ആരോപണം തെറ്റാണ്. ഞങ്ങൾക്ക് അതിൽ ബന്ധമില്ലെങ്കിലും ഞാനതിന് മാപ്പ് പറയുന്നു.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ഞങ്ങൾ കോടതിമുറിക്ക് പുറത്തുള്ള ചേമ്പറിൽ ഇരുന്ന് ഫയലുകൾ പരിശോധിച്ച ശേഷം മടങ്ങി വരാം. ഇവിടുത്തെ കസേരകളിൽ ഇരുന്നു മൂന്ന് പേർക്കും ഈ ഫയലുകൾ പരിശോധിക്കാൻ കഴിയില്ല. അതുകൊണ്ടാണ്. മറ്റു രഹസ്യങ്ങൾ ഒന്നുമില്ല.
ജഡ്ജിമാർ ചേംബറിലേക്ക് പോവുന്നു. അതിനുശേഷം അഭിഭാഷകർ തമ്മിൽ കുശലസംഭാഷണം.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): (രാജുവിനോട്): എസ്.വി., ഇപ്പോൾ സുപ്രീം കോടതിയിൽ വരാറില്ലേ?
എസ്.വി. രാജു (കേന്ദ്ര സർക്കാർ): ഇന്ന് ഡൽഹി ഹൈക്കോടതിയിലാണ്. കുറേ കേസുകളുണ്ട്.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): വീഡിയോ കോൺഫറൻസ് വഴിയുള്ള വാദം കേൾക്കൽ സീനിയർ അഭിഭാഷകർക്ക് ഗുണം ചെയ്തു.
ഇരുപത് മിനിട്ടുകൾക്ക് ശേഷം ജഡ്ജിമാർ വീണ്ടും കോടതി മുറിയിൽ എത്തി. തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇടക്കാല ഉത്തരവ് പുറത്തിറക്കി.
ഉത്തരവിലെ പ്രധാന ഭാഗങ്ങൾ:
മീഡിയ വൺ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തു. വിലക്കിനു മുമ്പുള്ള രീതിയിൽ ചാനലിന് പ്രവർത്തിക്കാം. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഹർജിക്കാർക്ക് കൈമാറാമോ എന്ന കാര്യത്തിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ രണ്ടാഴ്ച്ചക്കുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്യണം.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): ലൈസൻസ് റദ്ദാക്കുന്നതും പുതുക്കിനൽകുന്നതും തമ്മിൽ ഒരു ബന്ധവുമില്ല. സെപ്റ്റംബറിൽ പുതുക്കി നൽകിയതാണ്. പിന്നീടാണ് അത് റദ്ദാക്കിയത്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ലൈസൻസ് കാലാവധി കഴിഞ്ഞ ശേഷവും നിങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നുവല്ലോ.
എസ്.വി. രാജു (കേന്ദ്ര സർക്കാർ): കോടതി നിർദേശിച്ചതിനെ തുടർന്നായിരുന്നു അത്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): ഇല്ല, അക്കാലത്ത് ഒരു കോടതി ഉത്തരവും ഉണ്ടായിരുന്നില്ല. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എല്ലാ രേഖകളും ഹാജരാക്കൂ.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഉത്തരവിൽ ഒരു കാര്യം കൂടി രേഖപ്പെടുത്തണം. മുദ്രവെച്ച കവറിൽ രേഖകൾ സമർപ്പിക്കുന്ന ശൈലിയോട് കോടതിക്ക് ഉള്ള എതിർപ്പ് കൂടി രേഖപ്പെടുത്തണം.
ജസ്റ്റിസ് സൂര്യകാന്ത് (ജഡ്ജി) : ഈ കേസും അതും വ്യത്യസ്ത വിഷയങ്ങൾ ആണ്.
ജസ്റ്റിസ് ചന്ദ്രചൂഡ് (ജഡ്ജി): മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ കോടതിയെ സഹായിക്കൂ.
രാകേഷ് ദ്വിവേദി: എന്നെ കേസിൽ അമിക്കസ് ക്യുറി ആയി നിയമിക്കൂ.
ദുഷ്യന്ത് ദാവെ (മീഡിയ വൺ): ഈ കേസിൽ അമിക്കസ് ക്യുറി ആവശ്യമില്ല.
(ജഡ്ജിമാർ ചിരിക്കുന്നു).