ഹിജാബ് നിരോധനം: കർണ്ണാടക ഹൈക്കോടതി ശരിവെച്ചു

ഇസ്​ലാമിൽ ഹിജാബ് നിർബന്ധമില്ലെന്ന് കോടതി 

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ല‌െന്നും കോടതി വിലയിരുത്തി. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർക്കർ കോളജിലെയും വിദ്യാർഥിനികൾ നൽകിയ ഹരജികളിലാണ് ഹൈകോടതി വിശാല ബെഞ്ച് വിധി ഇന്ന് പറഞ്ഞത്.

ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കർണാടക സർക്കാറിന്‍റെ പ്രധാന വാദം. എന്നാൽ ശിരോവസ്ത്രം ഇസ്​ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാറിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വികസന സമിതികൾ നിശ്ചയിക്കുന്ന ഡ്രസ് കോഡ് നിർബന്ധമാക്കി ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാറിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ ചൂണ്ടികാണിച്ചിരുന്നു. ഹരജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾ ക്ലാസുകളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈകോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.

Share
error: Content is protected !!