ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി. വിദ്യാർത്ഥികളുടെ യാത്രാ നിരക്കും ഉയരുമെന്ന് സൂചന

സംസ്ഥാനത്തെ ബസ് യാത്രാനിരക്കു വർധിപ്പിക്കുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസുടമകളുടെ ആവശ്യം ന്യായമാണ്. എത്രത്തോളം വർധന വേണ്ടിവരുമെന്നു ചർച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടപ്പിലാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് യാത്ര നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിറകെയാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന.

ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാൾ കെഎസ്ആർടിസിയുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ കൺസഷൻ അവർക്ക് തന്നെ നാണക്കേടാണെന്നാണ് അവർ പറയുന്നത്. പലരും അഞ്ചു രൂപ നൽകിയാൽ ബാക്കി വാങ്ങാറില്ല. വിദ്യാർഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തണമെന്നും, വിദ്യാർത്ഥികളുടെ നിരക്ക് മിനിമം 1 രൂപ എന്നുള്ളത് വർധിപ്പിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ഇതിന് അനുകൂല നിലപാട് സ്വീകരിക്കുന്നതാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന. വിദ്യാർത്ഥികളുടെ ചാർജ് വർധന ഉറപ്പാക്കും വിധമാണ് മന്ത്രിയുടെ പ്രസ്താവന.

Share
error: Content is protected !!