അമൃതം പൊടിയിൽ മാരക വിഷം കണ്ടെത്തി. ഉൽപാദന യൂണിറ്റ് അടച്ചുപൂട്ടി
കൊച്ചി : അങ്കണവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയിൽ മാരക വിഷം കണ്ടെത്തി. ഇതിനെ തുടർന്ന് അമൃതം പൊടി ഉൽപാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് തൽക്കാലത്തേക്ക് അടച്ചുപൂട്ടി. കൂടാതെ ഇവിടെ സൂക്ഷിച്ചിരുന്ന അമൃതം പൊടിയും ഇത് നിർമിക്കാനായി ശേഖരിച്ച് വെച്ച ധാന്യങ്ങളും സീൽ ചെയ്തു. ഇവയുടെ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
എടയ്ക്കാട്ടുവയലിലെ കേന്ദ്രത്തിൽ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്ളോടോക്സിൻ ബി വൺ എന്ന വിഷവസ്തു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചതോടെ വിതരണം ചെയ്ത അമൃതം പൊടി തിരിച്ചെടുക്കാനും ഐ.സി.ഡി.എസ്. അടിയന്തര നിർദേശം നൽകി. കുട്ടികൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന പോഷകാഹാരമാണ് അമൃതം പൊടി.
കരൾരോഗമടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന അഫ്ളോടോക്സിനാണ് അമൃതം പൊടിയിൽ കണ്ടെത്തിയത്. 24 മൈക്രോ യൂണിറ്റാണ് അമൃതം പൊടിയിൽ അഫ്ളോടോക്സിന്റെ സാന്നിധ്യം. ഇത് കുഞ്ഞുങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.
എറണാംകുളം മേഖലകളിലെ മുളന്തുരുത്തി, കൊച്ചി കോർപ്പറേഷൻ, പള്ളുരുത്തി മേഖലകളിൽ വരുന്ന ആറ് ഐ.സി.ഡി.എസുകൾക്ക് കീഴിലുള്ള അങ്കണവാടികളിലാണ് ഈ ബാച്ച് വിതരണം ചെയ്തതെന്ന് കണ്ടെത്തി. ഫെബ്രുവരിയിൽ വിതരണം ചെയ്തതിനാൽ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിച്ച് ഉപയോഗിച്ചതായാണ് വിവരം. ബാക്കി പായ്ക്കറ്റുകൾ അങ്കണവാടികൾ വഴി തിരിച്ചെടുത്തു തുടങ്ങി.
സംഭവത്തിൽ അന്വേഷണം വേണമെന്നും അമൃതം പൊടിയുടെ മേന്മ ഉറപ്പാക്കണമെന്നും ഐ.സി.ഡി.എസ്. വിഭാഗം കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ഐ.സി.ഡി.എസും കുടുംബശ്രീയും ചേർന്ന സംയുക്ത യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് കുടുംബശ്രീ ഉറപ്പുനൽകി. അമൃതം പൊടിയുടെ സാംപിൾ കുടുംബശ്രീയും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാറുണ്ട്. വിഷാംശം കണ്ടെത്തിയ 98 ബാച്ചിലെ സാംപിൾ പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ കാക്കനാട്ടെ അനലറ്റിക്കൽ ലാബിനോട് കുടുംബശ്രീ ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയ സംഭവം: കൂടുതൽ വാർത്തകൾ വായിക്കാം
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
Pingback: അമൃതം പൊടിയിലെ വിഷാംശം: സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തും - MALAYALAM NEWS DESK
Pingback: അമൃതം പൊടിയിൽ വിഷാംശം: എല്ലാ നിർമ്മാണ യൂണിറ്റുകളിലും പരിശോധന നടത്താൻ നിർദ്ദേശം - MALAYALAM NEWS DESK
Pingback: അമൃതം പൊടി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം - MALAYALAM NEWS DESK