സ്‌കൂള്‍ ബസുകളുടെ യാത്രാ ദൈര്‍ഘ്യം 75 മിനിറ്റില്‍ കൂടരുതെന്ന് നിര്‍ദ്ദേശം
അബൂദബി: വിദ്യാർത്ഥികളുമായി പോകുന്ന സ്‌കൂള്‍ ബസുകളുടെ യാത്രാ ദൈര്‍ഘ്യം 75 മിനിറ്റില്‍ കൂടരുതെന്ന് അബൂദാബി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കൂടാതെ ബസില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ നാല് ക്യാമറകളെങ്കിലും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഒരു ദിശയിലേക്കുള്ള യാത്രാ സമയമാണ് പരമാവധി 75 മിനിറ്റായി നിജപ്പെടുത്തിയത്. ബസ് പുറപ്പെട്ട സമയം മുതൽ അവസാനത്തെ കുട്ടിയും ഇറങ്ങുന്നതു വരെയാണ് ഇത് കണക്കാക്കുക. യാത്രയിലെ ദൃശ്യങ്ങള്‍ 30 ദിവസം സ്‌കൂള്‍ അധികൃതര്‍ സൂക്ഷിക്കുകയും വേണം.
മികച്ച നിലവാരമുള്ള വാഹനങ്ങളില്‍ ന്യായമായ നിരക്ക് വാങ്ങിയാകണം സ്‌കൂള്‍ ഗതാഗതസംവിധാനം ഒരുക്കേണ്ടതെന്നും അധികൃതര്‍ വ്യക്യതമാക്കി.
അതേസമയം ക്യാമറ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുകയോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കുട്ടികളുടെ യാത്രയുടെ ഉത്തരവാദിത്തം സ്‌കൂളിനാണെന്നും വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.