ഖത്തറിൽ പള്ളികളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ മിക്കതും ശനിയാഴ്ച മുതല്‍ ഒഴിവാക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ദിവസവും നടക്കുന്ന നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിലും ഇനി സാമൂഹിക അകലം വേണ്ടി വരില്ല.

രണ്ട് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സ്ത്രീകളുടെ പ്രാര്‍ഥനാ സ്ഥലം തുറക്കും. നിര്‍ദ്ദിഷ്ട പള്ളികളില്‍ ടോയ്‌ലറ്റുകളും വുദു ചെയ്യാനുള്ള സ്ഥലങ്ങളും തുറക്കും. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും.

നമസ്കാരത്തിനായി ഇനിമുതൽ പരവതാനി കൊണ്ടുവരേണ്ടതില്ല. ജുമുഅക്ക് വരുമ്പോൾ ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. എന്നാൽ മറ്റു നമസ്കാരങ്ങൾക്ക് ഇഹ്തിറാസ് ആപ്പ് കാണിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. എല്ലാ സന്ദര്‍ഭങ്ങളിലും പള്ളിയില്‍ പ്രവേശിക്കുമ്പോൾ മാസ്‌ക് ധരിക്കണമെന്നും ഔഖാഫ് ആവശ്യപ്പെട്ടു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ പുതുതായി പ്രഖ്യാപിച്ച ഇളവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി.

അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിനെടുത്തവര്‍ക്കും കൊവിഡ് ബാധിച്ച്‌ സുഖം പ്രാപിച്ചവര്‍ക്കും മാത്രമായിരിക്കും. എന്നാല്‍, വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തതോ ഇതുവരെ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഇത്തരക്കാര്‍ക്ക് ആകെ ശേഷിയുടെ 20 ശതമാനത്തില്‍ കവിയാത്ത നിരക്കിലായിരിക്കും പ്രവേശനം.

ഇന്‍ഡോറില്‍ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂര്‍ മുൻപാണ് റാപിഡ് പരിശോധന നടത്തേണ്ടത്.
വര്‍ക്ക് അറ്റ് ഹോം ഒഴിവാക്കി. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ മേഖലയിലെ ജീവനക്കാരും പൂര്‍ണമായും ഓഫിസിലെത്തണം. വാക്‌സിനെടുക്കാത്ത പൊതുസ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും തൊഴിലാളികളും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജന്‍ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധന തുടരും.

അടച്ചിട്ട പൊതുസ്ഥലങ്ങളാണെങ്കില്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. തുറസ്സായ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല.മാര്‍ക്കറ്റുകള്‍, ഇവന്റുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയ ആളുകള്‍ വലിയ തോതില്‍ ഒത്തുചേരുന്നടങ്ങളിൽ മാസ്‌ക് ധരിക്കണം.

തുറസ്സായ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ടി വരുന്ന തൊഴിലാളികള്‍ ജോലിസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ഇഹ്തിറാസ് ആപ് ഇല്ലാതെ പുറത്തിറങ്ങരുതെന്ന നിബന്ധന തുടരുമെന്നും ഔഖാഫ് അറിയിച്ചു.

Share
error: Content is protected !!