കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്ന സംഭവം: അമ്മൂമ്മയുടെ വഴിവിട്ട ബന്ധത്തിന് കുട്ടികളെ മറയാക്കി
കൊച്ചിയിൽ ഒന്നര വയസ്സുകാരി നോറയെ ബക്കറ്റിലെ വെളളത്തിൽ മുക്കി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി മോഷണ, ലഹരി മരുന്നു കേസുകളിൽ ഇരുവരും പ്രതികളാണ്. കുട്ടിയുടെ അമ്മൂമ്മ സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. ഇത് കൊണ്ടാണ് താൻ സിപ്സിയുമായി അകന്നതെന്ന് കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
വൻ ലഹരി മരുന്ന് സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണ് അമ്മൂമ്മ സിപ്സി. ഈ ഇടപാടുകൾക്ക് മറയായി കുട്ടികളെ ഉപയോഗിച്ച് വരികയായിരുന്നു. അതിനായി ഇവരുടെ യാത്രകളിൽ എപ്പോഴും കുട്ടികളെ കൂടെ കൊണ്ടു പോകും. പലർക്കുമൊപ്പം ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുമ്പോഴും കുട്ടികളെ കൂടെ കൂട്ടിയിരുന്നു. കാണുന്നവർക്ക് സംശയം തോന്നാതിരിക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. ഭർത്താവിൻ്റേയും അമ്മയുടേയും ഇത്തരം നടപടികളോട് യോജിക്കാൻ കഴിയാത്തതിനാലാണ് ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി കുട്ടിയുടെ മാതാവ് ഡിക്സി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ കുട്ടികളെ ഡിക്സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടർന്നാണു തർക്കം ഉടലെടുത്തത്. എന്നാൽ കുട്ടികളെ ഡിക്സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടർന്നാണു തർക്കം ഉടലെടുത്തത്.
കുട്ടികളുടെ അമ്മ ഡിക്സി പറയുന്നു
കുട്ടികളെ എനിക്കു തരാതിരിക്കാൻ അവർ മനഃപൂർവം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാൽ അവളെ കാണില്ലെന്നു ഭർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കഫെറ്റീരിയയിൽ ഒപ്പം ജോലി നോക്കിയിരുന്ന ആൾ നാട്ടിൽ പോയതിനാൽ അവധി കിട്ടിയില്ല. വരാൻ പറ്റിയിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ഗതി വരുമായിരുന്നില്ല’… നോറയുടെ അമ്മ ഡിക്സിയുടെ കണ്ണീരിൽ കുതിർന്ന് വാക്കുകളാണിത്. മകളുടെ ചേതനയറ്റ ശരീരം കണ്ടതോടെ ഡിക്സി തളർന്നു വീണു.
കുട്ടികളെ നന്നായി നോക്കാനാണ് വിദേശത്തേക്ക് ജോലിക്ക് പോയതെന്ന് ഡിസ്കി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താൻ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും അവരത് വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്നും ഡിസ്കി പരിതപിക്കുന്നു. താൻ ദുബായിൽനിന്നു നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിലാണെന്നു ഭർത്താവ് അറിഞ്ഞിരുന്നുവെന്നും ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും ഡിക്സി പറഞ്ഞു. വിദേശത്തായിരുന്നപ്പോൾ തന്റെ അമ്മ മേഴ്സിയോട് കുട്ടിയെ കിട്ടാനുള്ള വഴികൾ നോക്കാൻ പറഞ്ഞിരുന്നു. തുടർന്ന് അമ്മ ശിശുക്ഷേമസമിതിയിൽ പരാതിയും നൽകി.
ഭർത്താവിന്റെ അമ്മ കുട്ടികളെ ഹോട്ടലുകളിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ തിരിച്ച് കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതർ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലെന്നും ഡിക്സി പറഞ്ഞു. കുട്ടികൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈൽഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിയതാണ് ഇപ്പോൾ കുഞ്ഞിൻ്റെ കൊലപാതകത്തിന് ഇടയാക്കിയത്.
അമ്മൂമ്മക്ക് കാമുകനുമായുള്ള ബന്ധം; കുഞ്ഞിനെ മറയാക്കി ഭീഷണി
ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോൺ ബിനോയ് ഡിക്രൂസും കുഞ്ഞിൻ്റെ അമ്മൂമ്മ സിപ്സിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പ്രതിയായ ജോണിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്നു മാതാപിതാക്കളും ജോണും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. ദത്തെടുത്തു വളർത്തിയ മകന്റെ വഴിവിട്ട ജീവിതത്തിൽ അസംതൃപ്തരായിരുന്നു മാതാപിതാക്കൾ. എന്നാൽ, കുഞ്ഞിനെ കൊന്നശേഷം പ്രതിയായ ജോൺ തന്നെ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയ്തു.
ഉടൻ തന്നെ മാതാവ് കൊലപാതക വിവരം പള്ളുരുത്തി പൊലീസിനെ അറിയിച്ചു. സിപ്സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.