മക്ക മദീന ഹറമുകളിലേക്ക് പ്രവേശിക്കാൻ തവക്കൽനാ സ്റ്റാറ്റസ് പരിഗണിക്കുന്നത് ഒഴിവാക്കി
മക്കയിലേയും മദീനയിലേയും ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിന് തവക്കൽനാ സ്റ്റാറ്റസ് ഇമ്മ്യൂണ് ആയിരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചതായി ഇരു ഹറം കാര്യാലയം അറിയിച്ചു. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ മക്കയിലെ ഹറം പള്ളിയിൽ ഉംറ ചെയ്യുന്നതിനും, മദീനയിലെ റൌദ ശരീഫിൽ നിസ്കരിക്കുന്നതിനും പെർമിറ്റ് എടുക്കുന്നവർക്ക് മാത്രമേ അനുവാദം നൽകൂ. മറ്റുള്ള എല്ലാ പ്രാർത്ഥനകൾക്കും ഇരു ഹറമുകളിലേക്കും പെർമിറ്റില്ലാതെ പ്രവേശിക്കാം. എന്നാൽ മാസ്ക് ധരിക്കുന്നതിൽ ഇളവുകളില്ല.
തവക്കൽനാ സ്റ്റാറ്റസ് പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹറമിലേക്ക് പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹറം പള്ളികളിൽ പ്രവേശിക്കുന്നതിന് പെർമിറ്റ് വേണ്ടതില്ല എന്ന തീരുമാനം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായിരുന്നു. എന്നാൽ അത് വാക്സിൻ സ്വീകരിച്ച് കുത്തിവെപ്പെടുത്ത് തവക്കൽനായിൽ ഇമ്മ്യൂണ് സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോൾ പിൻവലിച്ചത്. കൂടാതെ സൌദിക്ക് പുറത്ത് നിന്ന് വരുന്നവർക്കുളള ഹോം ക്വാറൻ്റൈൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ എന്നിവയും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.