ഇന്ത്യ-സൌദി വിമാന സർവ്വീസുകളിലെ പുത്തൻ പ്രതീക്ഷകൾ

അബു അബ്ബാസ്

ഇന്ത്യ രാജ്യാന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സൌദി-ഇന്ത്യ വിമാന യാത്ര സാധാരണ നിലയിലെത്തും. സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചത് ഈ ഘട്ടത്തിൽ പ്രവാസികൾക്ക് ആശ്വാസം വർധിപ്പിക്കുന്നതാണ്. ഇന്ത്യയിലേക്ക് വരാൻ പിസിആർ പരിശോധന ഫലം നിർബന്ധമില്ലെന്നുള്ള ഇന്ത്യയുടെ തീരുമാനവും, പിസിആർ ഫലമോ, ക്വാറൻ്റൈനോ ആവശ്യമില്ലെന്നുള്ള സൌദി തീരുമാനവും വിമാന യാത്ര നടപടികൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കും.

മാർച്ച് 27 ന് ഇന്ത്യ രാജ്യാന്തര വ്യോമപാത തുറക്കുന്നത് വേനൽകാല ഷെഡ്യൂൾ മുതൽ സർവ്വീസ് ആരംഭിക്കുവാനാണ്. സ്കൂൾ അവധി കാലത്ത് സന്ദർശനവിസയിൽ സൌദിയിലേക്ക് വരാനിരിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഇത് വലിയ സഹായമായിതീരും.  മാത്രവുമല്ല സൌദിയിലെ ക്വാറൻ്റൈൻ പിൻവലിച്ചതിലൂടെ വൻ തുക ലാഭിക്കാനും സാധിക്കും. നിലവിൽ ചാർട്ടേഡ് വിമാനങ്ങളാണ് കൂടുതലും ഇന്ത്യ-സൌദി സെക്ടറുകളിൽ സർവ്വീസ് നടത്തുന്നത്. കൊച്ചി-സൌദി സെക്ടറിൽ നിലവിൽ സർവ്വീസ് നടത്തിവരുന്ന സൌദി എയർലൈൻസ് സർവ്വീസ് തുടരുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ എയർ ഇന്ത്യയും സർവ്വീസ് ആരംഭിച്ചേക്കും.

മലബാറിൽ നിന്ന് കോഴിക്കോട്-സൌദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചെറിയ വിമാനങ്ങളാണ് സർവ്വീസ് നടത്തുക. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് സാധ്യതയുള്ളൂ. സൌദി എയർ ലൈൻസ് കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം. അതേ സമയം ഗോ എയർ, സ്പൈസ് ജെറ്റ്, ഫ്ളൈനാസ് എന്നീ വിമാന കമ്പനികൾ കോഴിക്കോട് നിന്ന് സൌദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തും. കണ്ണൂരിൽ നിന്നുള്ള സർവ്വീസുകളെ കുറിച്ച് അടുത്ത ദിവസങ്ങളിൽ  മാത്രമേ പറയാനാകൂ എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.

സൌദിയിൽ ക്വാറൻ്റൈനുൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ടാകും. ഇന്ത്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനനുസരിച്ച് ഉംറ പാക്കേജുകൾ പ്രഖ്യാപിക്കുവാനുള്ള ഒരുക്കത്തിലാണ് ഉംറ ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജൻസികളും.

വിമാനസർവ്വീസുകൾ പഴയ നിലയിലെത്തുന്നതോടെ സൌദിയിലെ ബിസിനസ്സ് മേഖലയിലും ഉണർവ്വുണ്ടാകും. മാർച്ച് 27 മുതൽ പുനരാരംഭിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര വിമാന സർവ്വീസുകളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൌദി പ്രവാസികൾ.

Share
error: Content is protected !!