കാർപോർച്ചിലെ എൽഇഡി ബൾബിൽ നിന്ന് ബൈക്കിലേക്ക് തീ വീണു. പെട്രോൾ ടാങ്ക് പൊട്ടിതെറിച്ചു. 5 പേർ മരിച്ച തീ പിടുത്തത്തിൻ്റെ കാരണം ഇതാണ്
തിരുവനന്തപുരം: വർക്കലയിൽ കുടുംബത്തിലെ 5 പേർ മരിക്കാനിടയായ തീപിടിത്തത്തിൻ്റെ കാരണം പോലീസ് വിശദീകരിച്ചു. കാർപോർച്ചിലെ എൽഇഡി ബൾബിന്റെ വയറ് കത്തിയതതാണ് തീപിടുത്തത്തിൻ്റെ കാരണം. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ചശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ.
കാർപോർച്ചിൽ എൽഇഡി ബൾബുള്ള ഭാഗത്താണ് ആദ്യം തീ പിടിച്ചതെന്ന് സമീപവീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ തീ പിന്നീട് പോർച്ചിലെ ബൈക്കുകളിലേക്ക് പടർന്നു. പെട്രോൾ ടാങ്കിൽ തീപിടിച്ചതോടെ വീട്ടിലേക്കും തീപടർന്നു പിടിച്ചു. ജനൽ ചില്ലുകൾ തീപിടിത്തത്തിൽ പൊട്ടിച്ചിതറി. തുടർന്ന് ഹാളിലെ സോഫയിലും കർട്ടനിലും ജിപ്സം ബോർഡിലും തീപടർന്നതോടെ പുക മുറിക്കുള്ളിൽ നിറഞ്ഞാണ് 5 പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
തീപിടുത്തത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യത ഇത് വരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടായ സമയം വീട്ടുവളപ്പിലേക്ക് ആരും വന്നതായും സിസിടിവി ദൃശ്യങ്ങളിലില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ സംസ്കരിക്കും. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന ബേബി എന്ന പ്രതാപന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇളയ മകന്‍ അഹില്‍ (25), മൂത്ത മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്.
രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടത്. പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മുറിയിലുമാണ് കണ്ടെത്തിയത്. മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു.