ദിലീപിൻ്റെ ജാമ്യം റദ്ദാക്കാൻ സാധ്യത. ദിലീപിനെതിരെ ജോലിക്കാരൻ്റെ മൊഴി

ദീലീപിനെ വെട്ടിലാക്കി ജോലിക്കാരൻ്റെ മൊഴി. പൾസർ സുനിയെ അപകടപ്പെടുത്തുമെന്ന് പറഞ്ഞു. ദീലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനം. ഓരോ ഫോണിനും 75,000 രൂപ വീതം ഈടാക്കി ഫയലുകൾ നശിപ്പിച്ചതായി ലാബ് ഉടമയും മൊഴിനൽകി. കസ്റ്റഡിൽ വേണമെന്ന് ഇന്ന് കോടതയിൽ ആവശ്യപ്പെട്ടേക്കും. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിൻ്റ ഹർഡി കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപ് തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടാതെ അന്വേഷണ സംഘത്തിലെ ചിലരുടെ ഫോട്ടോകള്‍ ദിലീപ് മറ്റ് ചിലര്‍ക്ക് അയച്ച് കൊടുത്തതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വധ ഗൂഢാലോചനക്കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന്  ബോധ്യപ്പെട്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍ ഉന്നയിച്ചേക്കും. ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമായതിനാൽ ജാമ്യ വ്യവസ്ഥകളുടെ ലംഘനം നടന്നതായാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യം പരിഗണിച്ച് കോടതി ദിലീപിൻ്റെ ജാമ്യം റദ്ധാക്കിയാൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിടാനും സാധ്യതയുണ്ട്.

അന്വോഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൻ്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നും നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് ദിലീപിന്‍റെ വാദം. ദിലീപിൻ്റെ ഹർജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തലായിരിക്കും പ്രോസിക്യൂഷൻ ദിലീപിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.

ഫോണിലെ വിവരങ്ങൾ നീക്കിയ ലാബ് ഉടമയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നാലു ഫോണുകളിലെയും ചില ഫയലുകൾ നീക്കം ചെയ്തെന്നാണ് മൊഴി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അറിയിച്ചു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതിനിടെ വധ ഗൂഡാലോചനാ കേസിൽ ദലീപിൻ്റെ ജോലിക്കാരന്‍ ദാസൻ നൽകിയ മൊഴി ദിലീപിനെ വീണ്ടും വെട്ടിലാക്കി. പോലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകര്‍ വിലക്കിയതായും ദാസന്‍ മൊഴി നല്‍കി. പള്‍സര്‍ സുനി പുറത്തിറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ് പറഞ്ഞിട്ടുള്ള കാര്യവും ദാസന്റെ മൊഴിയിലുണ്ട്.

പോലീസ് ദാസനെ അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് ദാസനോട് കൊച്ചിയിലെ ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡന്‍സ് കമ്പനിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെവെച്ച് ബാലചന്ദ്രകുമാറിനോട് എന്തൊക്കെ പറഞ്ഞുവെന്ന് ഇവര്‍ അന്വേഷിച്ചു. പിന്നീട് അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസിലേക്ക് ഇവർ ദാസനെ കൊണ്ടു പോയി. അവിടെവെച്ച് അഭിഭാഷകര്‍ കൂടുതല്‍ ഒന്നും പറയരുതെന്ന് ദാസനെ വിലക്കിയതായും മൊഴിയില്‍ പറയുന്നു. മറ്റൊരു ദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പും ദാസനെ വിളിപ്പിച്ചു. അവിടെവെച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ദാസനെ വായിച്ച് കേള്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് ദാസനോട് അഭിഭാഷകര്‍ നിര്‍ദേശിച്ചതായും ദാസന്റെ മൊഴിയില്‍ പറയുന്നുണ്ട്.

പരിശോധനക്കായി ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ പ്രതികൾ മുൻ കൂട്ടി നശിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണിലെ വിവരം നശിപ്പിച്ചതിനുശേഷമാണ് ദിലീപും കൂട്ടാളികളും ഫോൺ കൈമാറിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ദിലീപ് ,സഹോദരന്‍ അനൂപ് ,സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഫോണ്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമാണ് ഫോണില്‍ കൃത്രിമം നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതും. ജനുവരി 29, 30 തീയതികളിൽ ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായും ക്രൈംബ്രാഞ്ച് പറയുന്നു.

ജനുവരി 29നാണ് ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത് . മുംബൈക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയിട്ടുണ്ട്. തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ അന്വേഷണം നടത്തിയിരുന്നു. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് തെളിവുകൾ നശിപ്പിച്ചതായുള്ള വിവരം കിട്ടിയത്. 4 ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റിയെന്നും ഇവർ മൊഴി നൽകി. വിന്‍സന്‍ ചൊവ്വല്ലൂര്‍ മുഖേന ദിലീപിന്‍റെ അഭിഭാഷകനാണു ഫോണുകള്‍ കൈമാറിയത്.

നടിയെ ആക്രമിച്ച കേസിൽ തുടന്വോഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. അന്വോഷണ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Share
error: Content is protected !!