നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി

നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർ‌ത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.  കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യാജ തെളിവുകൾ നിർമ്മിച്ചാണ് അന്വേഷണമെന്നുമായിരുന്നു ദിലീപ് കോടതിയെ അറിയിച്ചിരുന്നത്.

എന്നാല്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴിയില്‍ ഗൂഢാലോചന കേസ് ചുമത്താന്‍ തക്ക ഗൗരവമുള്ള വെളിപ്പെടുത്തലുകളില്ലെന്നും ദിലീപ് വാദിച്ചു. ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് കോടതയിൽ വാദിച്ചു. എന്നാൽ ഇതെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു.

നടിയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്ന ദിലീപിന് ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങൾ ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്നു വിചാരണക്കോടതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്ത അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ദിലീപ് ഹർജി നൽകിയത്.

ഹർജിയിൽ ഇരയായ നടിയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. കോടതി നടപടികൾ ചോദ്യം ചെയ്യാൻ ദിലീപിനു നിയമ അവകാശമില്ലെന്ന് അതിജീവിതയായ നടി ചൂണ്ടിക്കാട്ടി. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് നടി അറിയിച്ചു.

Share
error: Content is protected !!