ജോലിയിലില്ലാത്ത സൌദികളെ ജോലിക്കാരായി കാണിച്ചാല്‍ ഇനി നിതാഖാത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല
റിയാദ്: സൌദി ജീവനക്കാരെ വ്യാജമായി റജിസ്റ്റര്‍ ചെയ്ത് നിതാഖാത്തില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. സൌദി ജീവനക്കാരെ ജോലിക്കെടുത്താല്‍ ഉടന്‍ തന്നെ ഇലക്ട്രോണിക് തൊഴില്‍ കരാര്‍ തൊഴിലാളിക്ക് അയക്കണം. തൊഴിലാളി 7 ദിവസത്തിന്നകം ഇത് സ്വീകരിച്ചില്ലെങ്കില്‍ കരാര്‍ യാന്ത്രികമായി റദ്ദാകും. കരാര്‍ അംഗീകരിച്ചാല്‍ ഇതുസംബന്ധമായ സന്ദേശം ജീവനക്കാരനും സ്ഥാപനത്തിനും ലഭിക്കും. ഇതോടെ മാത്രമേ സൌദി ജീവനക്കാരെ നിതാഖാതില്‍ റജിസ്റ്റര്‍ ചെയ്യുകയുള്ളൂ.
അതായത് സൌദി ജീവനക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തുന്ന ഇതുവരെ ഉണ്ടായിരുന്ന രീതി ഇതോടെ അവസാനിക്കും. യഥാര്‍ത്ഥ ജീവനക്കാരല്ലാത്ത സൌദികളെ പല സ്ഥാപനങ്ങളും നിതാഖാത്തില്‍ ഉള്‍പ്പെടുത്താനായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പ്രവണത അവസാനിപ്പിക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്.