മൂന്നുമാസം പ്രായമായ കുഞ്ഞിന് ഒരുതരി പൊന്നില്ല, 72 കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച അമ്മയും മകളും പിടിയിൽ

വയനാട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വര്‍ണാഭരണം ഇല്ലാത്തതിന്റെ വിഷമത്തിൽ അമ്മയും അമ്മൂമ്മയും ചേർന്ന് 72കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു. വയോധികയുടെ പരാതിയെ തുടർന്ന് മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46),  മകള്‍ മിനി (23) എന്നവരെ മോഷണ കുറ്റത്തിന് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മിനിയുടെ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് സ്വർണ്ണാഭരണം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇരുവരും മോഷണം നടത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴി.

വെള്ളിയാഴ്ച വൈകുന്നേരം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തു വച്ചാണ് സംഭവം നടന്നത്. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ വൃദ്ധയെ കാറിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മിനിയും അമ്മ ഫിലോമിനയും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം വൃദ്ധയുടെ ഒന്നര പവൻ്റെ മാല മോഷ്ടിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് മോഷ്ടാക്കളെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. യൂട്യൂബിൽ നോക്കിയാണ് കുരുമുളക് സ്പ്രേ ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കിയതെന്ന് പ്രതികൾ മൊഴി നൽകി. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

Share
error: Content is protected !!