മദീനയിൽ തിരക്ക് വർധിച്ചു. ഒരേ സമയം അഞ്ച് ലക്ഷം പേർക്ക് നിസ്കരിക്കാം

സൌദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികളെ തിരക്ക് വർധിച്ചതായും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും ഇരുഹറം കാര്യാലയം വക്താവ് ജമാൻ അൽ അസീരി പറഞ്ഞു.

മസ്ജിദു നബവിയിലേക്കും പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനും പെർമിറ്റെടുക്കേണ്ടതില്ലെങ്കിലലും, റൌളാ ശരീഫിൽ നിസ്കരിക്കുന്നതിന് തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരും ദിവസങ്ങളിലും റമദാനിലും മദീനയിലെ മസ്ജിദു നബവിയിൽ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേ സമയം അഞ്ച് ലക്ഷം പേർക്ക് നിസ്കരിക്കാൻ സാധിക്കും വിധം പ്രവാചകൻ്റെ പള്ളിയുടെ ശേഷി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 1,30,000 പേർക്ക് പള്ളിക്കകത്തും, 70,000 പേർക്ക് മേൽകൂരയിലും, 3 ലക്ഷം പേർക്ക് പള്ളിയുടെ മുറ്റങ്ങളിലും നിസ്കരിക്കാവുന്നതാണ്.

ആരോഗ്യ മന്ത്രാലയവും ഇരു ഹറം കാര്യാലയം ഉദ്യോഗസ്ഥരും ചേർന്ന് രൂപീകരിച്ച പ്രത്യേക ഫീൽഡ് ടീമുകൾ പള്ളിയിലെത്തുന്നവർ മാസ്ക് ധരിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കും. തവക്കൽനാ ആപ്പ് വഴി ആരോഗ്യ നിലയും പ്രതിരോധ കുത്തിവെപ്പ് നിലയും പരിശോധിച്ച് മാത്രമേ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Share
error: Content is protected !!