ആ പൂമുഖം മണ്ണോട് ചേർന്നു; പാണക്കാട് ഹൈദരലി തങ്ങളുടെ മൃതദേഹം ഖബറടക്കി

പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യ വിശ്രമം.
സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
പതിനായിരങ്ങൾ അന്ത്യോപചാരമർപ്പിക്കാനെത്തി.
അന്ത്യ വിശ്രമം സഹോദരൻ മുഹമ്മദി ശിഹാബ് തങ്ങളുടെ ഖബറിനരികെ.

മലപ്പുറം: ഇന്ന് ഉച്ചക്ക് മരണപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ (74) മൃതദേഹം പാണക്കാട് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. പുലർച്ചെ 1.50 ഓടെ മൃതദേഹം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽ നിന്നും പള്ളിയിലേക്ക് എടുത്തു. രണ്ട് മണിക്ക് പള്ളിയിൽ വെച്ചുള്ള ആദ്യ  മയ്യിത്ത് നിസ്കാരത്തിന് സഹോദരൻ സാദിക്കലി ശിഹാബ് തങ്ങളും, രണ്ടാമത് നടന്ന നമസ്കാരത്തിന് മകൻ മുഈനലി ശിഹാബ് തങ്ങളും നേതൃത്ത്വം നൽകി. തുടർന്ന് സംസ്ഥാനത്തിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതി നൽകുന്നതിനുള്ള ചടങ്ങുകൾ പൂർത്തിയാക്കി. ശേഷം 2.30 ഓടെ മൃതദേഹം ഖബറിലേക്കിറക്കി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിനരികെയാണ് ഹൈദരലി ശിഹാബ് തങ്ങളേയും മറവ് ചെയ്തത്.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റിലിൽ വെച്ചായിരുന്നു അന്ത്യം. അർബുധ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ഖബറടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അസാധാരണ സാഹചര്യങ്ങളാൽ മെഡിക്കൽ സംഘത്തിൻ്റെ നിർദ്ദേശപ്രകാരം പെട്ടെന്ന് തന്നെ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു. മരണ വാർത്ത അറിഞ്ഞത് മുതൽ നാനാതുറകളിൽ നിന്നും ജനങ്ങൾ പാണക്കാട്ടേക്ക് ഒഴുകുകയായിരുന്നു. ജനതിരക്ക് നിയന്ത്രിക്കുവാൻ കൂടുതൽ പോലീസ് സേന വരേണ്ടിവന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റിരുന്നു. പോലീസും വളണ്ടിയർമാരും തിരക്ക് നിയന്ത്രിക്കുന്നതനായി തീവ്രമായ ശ്രമങ്ങൾ നടത്തി.  ജനതിരക്ക് മൂലം പള്ളിയിൽ നിന്ന് മൃതദേഹം പുറത്തിറക്കാൻ ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ പുലർച്ചെ 2.15 ന് മൃതദേഹം പള്ളിയിൽ നിന്ന് പുറത്തേക്കിറക്കി.

തങ്ങൾക്ക്​ യാത്രാമൊഴി നേരാൻ മലപ്പുറത്തെത്തിയത്​ പ്രമുഖരുടെ നീണ്ട നിര തന്നെയാണ്. മത -സാമുദായിക -രാഷ്ട്രീയ -സാംസ്കാരിക രംഗത്തെ നേതാക്കൾ മലപ്പുറം ടൗൺഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അർപ്പിച്ചു.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂൺ 15 നാണ് ഹൈദരലി തങ്ങൾ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. 18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് 12 വർഷത്തോളം മുസ്ലീം ലീഗിൻ്റെ സംസ്ഥാന പ്രസിഡണ്ടായും പവർത്തിച്ചു.

ഞായറാഴ്ച വൈകീട്ട്​ ആറേമുക്കാലോടെയാണ്​ മൃതദേഹം മലപ്പുറം​ കുന്നുമ്മലിലെ ടൗൺഹാളിൽ എത്തിച്ചത്​. സ്പീക്കർ എം.ബി. രാജേഷ്​, മന്ത്രിമാരായ വി. അബ്​ദുറഹ്​മാൻ, പി.എ. മുഹമ്മദ്​ റിയാസ്​, പി. പ്രസാദ്​, എം.പിമാരായ ടി.എൻ. പ്രതാപൻ, എം.പി. രാഘവൻ, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എൻ. ഷംസുദ്ദീൻ, കെ.ടി. ജലീൽ, മുഹമ്മദ്​ മുഹ്​സിൻ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കോൺഗ്രസ്​ നേതാക്കളായ ആര്യാടൻ മുഹമ്മദ്​, ആര്യാടൻ ഷൗക്കത്ത്​, ഡി.സി.സി മുൻ പ്രസിഡന്‍റ്​ ഇ. മുഹമ്മദ്​ കുഞ്ഞി, കെ.എസ്​.യു നേതാവ്​ കെ.എം. അഭിജിത്​, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുൽ ഖാദർ മുസ്‍ലിയാർ, കാന്തപ്പുരം എ.പി അബൂബക്കർ മുസ്ല്യാർ,  ജമാഅത്തെ ഇസ്​ലാമി അമീർ എം.ഐ. അബ്​ദുൽ അസീസ്​, അസി. അമീർ പി. മുജീബ്​ റഹ്​മാൻ, ശൈഖ്​ മുഹമ്മദ്​ കാരകുന്ന്​, ശിഹാബ്​ പൂ​ക്കോട്ടൂർ, ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട്​, ജില്ല സെക്രട്ടറി എൻ.കെ. സദ്​റുദ്ദീൻ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ശോഭ സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ്​ രവി തേലത്ത്, മേഖല പ്രസിഡന്‍റ്​ വി. ഉണ്ണികൃഷ്ണൻ എന്നിവർ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Share
error: Content is protected !!