വിജിലൻസ് ചമഞ്ഞ് വില്ലേജ് ഓഫീസർമാരിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

ഹുദ ഹബീബ്

കോട്ടയത്ത് വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി താഴത്തേതിൽ ഷിനാസിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴി ഫാമം ഉടമയാണ് ഷിനാസ്. വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു ഷിനാസ് തട്ടിപ്പ് നടത്തിയത്. മീനച്ചിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിനുമോൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വിജിലൻസ് ഉദ്യോഗസ്ഥൻ പിടിയിലായത്.

 

അഴിമതി കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വില്ലേജ് ഓഫിസർമാരിൽ നിന്നുൾപ്പെടെയാണ് ഇയാൾ പണം തട്ടിയത്. അഴിമതികളെ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഒഴിവാക്കണമെങ്കിൽ 30,000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപെട്ട് ഫോണിലൂടെ ഭീഷണിപെടുത്തും. പണം നിക്ഷേപിക്കാൻ അക്കൗണ്ട് നമ്പറും നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അസാമിലെ കനറാ ബാങ്കിൻ്റെ അക്കൗണ്ട് നമ്പറാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.

 

കഴിഞ്ഞവർഷം ഡിസംബറിൽ കൊരട്ടി സ്വദേശിയുടെ കാണാതായ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സമീപകാലത്ത് കോട്ടയം ജില്ലയിൽ  കൈക്കൂലിക്കാരായ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടിയിരുന്നു. ഇത്  മനസ്സിലാക്കിയായിരുന്നു ഷിനാസ് തട്ടിപ്പ് നടത്തിയത്. തൃശൂർ ടൗൺ, ആലപ്പുഴ പുന്നപ്ര, ചങ്ങനാശ്ശേരി, മൂന്നാർ സ്പെഷ്യൽ വില്ലേജ് ഓഫീസർമാരിൽ നിന്നും പ്രതി പണം തട്ടാൻ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.

Share
error: Content is protected !!