കോവിഡ് കുത്തിവെപ്പെടുക്കാത്തവർക്കും ക്വാറൻ്റൈനില്ലാതെ സൌദിലേക്ക് പ്രവേശിക്കാം
റിയാദ്: കോവിഡ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈൻ ഇല്ലാതെ തന്നെ സൌദിയിലേക്ക് പ്രവേശനം അനുവദിക്കും. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഈ രീതിയിൽ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ-ഷൽഹൂബ് പറഞ്ഞു. കൊറോണ പാൻഡെമിക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വാക്സിനെടുക്കാത്തവർക്കും സൌദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും അഞ്ച് ദിവസത്തെ ഹോട്ടൽ ക്വാറൻ്റൈൻ നിർബന്ധമായിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ ഇനി മുതൽ രാജ്യത്തെത്തുന്ന ആർക്കും ഹോട്ടൽ ക്വാറൻ്റൈനോ, ഹോം ക്വാറൻ്റൈനോ ആവശ്യം വരില്ല. തവക്കൽനായിലെ ഇമ്മ്യൂണ് സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ എല്ലാ രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് വരാം.
ഉംറ, ടൂറിസം എന്നിവയ്‌ക്കുള്ള സന്ദർശക വിസകൾ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വിസകളിലും കൊറോണ ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.
സമ്പൂർണ കൊറോണ മുക്ത രാജ്യം എന്ന സാഹചര്യത്തിലേക്ക് സൌദി വളരെയേറെ അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കോവിഡ് നിയന്ത്രയണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. അതിന് പിറകെ യാത്രക്കാരിൽ നിന്ന് ക്വാറൻ്റൈൻ തുക ഈടാക്കിയ വിമാന കമ്പനികളോട് തിരിച്ച് നൽകാൻ ഗാക്കയും നിർദ്ദേശം നൽകിയിരുന്നു.
പുതിയ തീരുമാനം സൌദിയിലേക്ക് വരാനിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകും. ബൂസ്റ്റർ ഡോസ് എടുക്കാത്തതിൻ്റെ പേരിൽ വിമാന കമ്പനികൾ ബോർഡിംഗ് പാസ് നിഷേധിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രവാസികൾ പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ക്വാറൻ്റൈൻ കൂടി നിർത്തലാക്കിയതോടെ എങ്ങിനെ തിരിച്ച് വരുമെന്ന ആശങ്കയിലായിരുന്നു പ്രവാസികൾ. നാട്ടിൽ 60 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് കോവിഡ് വാക്സിൻ്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതും നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് പ്രതിസന്ധിയായി. ഇത്തരക്കാർക്കെല്ലാം ഏറെ ആശ്വാസം നൽകുന്നതാണ് വാക്സിനെടുക്കാത്തവർക്കും ക്വാറൻ്റൈനില്ലാതെ സൌദിയിലേക്ക് പ്രവശനം അനുവദിച്ചുകൊണ്ടുള്ള പുതിയ തീരുമാനം.
ന്യൂസ് ഡെസ്കിൽ നിന്നും വാർത്തകൾ നേരിട്ടറിയാൻ ഗ്രൂപ്പിൽ അംഗമാകാം