കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ, ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നല്‍കി.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെ തുടർന്നാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി നൽകിയ തമാശ രൂപേണയുള്ള മറപടി വിവാദത്തിലായിരുന്നു.
സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി മറുപടി നല്‍കി. എന്നാല്‍ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. മാത്രവുമല്ല കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തിരുന്നു. കോടിയേരിയുടെ ഈ മറുപടി പല രീതീയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പാര്‍ട്ടി കമ്മിറ്റികളില്‍ 50 ശതമാനം വന്നാല്‍ പാര്‍ട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചതെന്ന് ആരോപണമുയരുകയും ചെയ്തു.
17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ. അതേ സമയം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 13 വനിതാ പ്രതിനിധികളുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി പരിഹാസവുമായി ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ രംഗത്തെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫാത്തിമ രംഗത്തെത്തിയത്. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഇതുവഴി എന്നാണ് തഹിലിയയുടെ പരിഹാസം.
സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഒരു വനിത മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് തഹിലിയയുടെ വിമര്‍ശനം. ‘സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി’- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.