സൌദിയിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം നാളെ ആരംഭിക്കും
സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നേതൃത്വത്തിലാണ് ആദ്യ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം നടത്തുന്നത്. മാർച്ച് 6 മുതൽ 9 വരെയുള്ള നാല് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം കാണാൻ ഏകദേശം 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധത്തിനും സുരക്ഷയ്ക്കുമുള്ള ആഗോള പരിപാടിയായാണ് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം സംഘടിപ്പിക്കുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന പ്രദർശനം, വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങളും പ്രവർത്തന സംവിധാനങ്ങളും ഉയർത്തിക്കാട്ടി പ്രാദേശികമായും ആഗോളമായും പ്രതിരോധ, സുരക്ഷാ വ്യവസായങ്ങളുടെ പുരോഗതിയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധം – കര, കടൽ, വായു, ബഹിരാകാശ, വിവര സുരക്ഷ എന്നീ മേഖലകളിലെ നൂറുകണക്കിന് പ്രാദേശികവും അന്തർദേശീയവുമായ നിർമ്മാതാക്കൾ പ്രദർശിപ്പിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും കാണുന്നതിന് ലോകമെമ്പാടുമുള്ള ഉയർന്ന തലത്തിലുള്ള പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും.