മഞ്ചേരി സ്വദേശികൾക്ക് കൊള്ള സംഘത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റു
മലപ്പുറം: ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്ന മഞ്ചേരി സ്വദേശികൾക്ക് ഗുണ്ടൽപേട്ടയിൽ വെച്ചുണ്ടായ കൊള്ള സംഘത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റു. മഞ്ചേരി സ്വദേശിയായ വ്യവസായിക്കും കൂടുയുണ്ടായിരുന്ന സുഹൃത്തിനുമാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കൊള്ള സംഘം തകർത്തു. മഞ്ചേരി സ്വദേശിയായ സൗബിക്, സുഹൃത്ത് ഷബീറലി എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുണ്ടൽപേട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിനുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഗുണ്ടൽപേട്ട– ഗൂഡല്ലൂർ റോഡിൽ വെച്ചാണ് ഇവർ അക്രമത്തിനിരയായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണു സംഭവം. ഗുണ്ടൽപേട്ട നഗരത്തിൽനിന്ന് അര കിലോമീറ്റർ മാത്രം അകലെയായി വിശ്രമിക്കുന്നതിനായി ഇവർ വാഹനം നിറുത്തിയതായിരുന്നു. ഈ സമയം രണ്ട് വാഹനങ്ങളിലായെത്തിയ 12 പേർ ചേർന്നാണ് ആക്രമിച്ചത്. കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നുവെന്നും, തലക്കടിക്കാനും വാഹനം അടിച്ച് തകർക്കാനും ഇവർ മലയാളത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. മാരകായുധങ്ങളുമായാണു സംഘമെത്തിയത്. സൗബിക്കിനെയും ഷബീറലിയെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി പഴ്സും മൊബൈൽ ഫോണും കവർന്നു.
ഇരുമ്പു വടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷബീറലിയുടെ തലക്ക് പരുക്കേറ്റു. കയ്യിലും ശരീരത്തിലുമാണ് സൌബിക്കിന് പരുക്കുള്ളത്. അക്രമി സംഘത്തിൽനിന്നു രക്ഷപ്പെടാനായി സൗബിക്കും ഷബീറലിയും ഓടിയെങ്കിലും സംഘം അവരെ പിന്തുടർന്നു. കുറച്ചകലെയുള്ള കടയിലേക്ക് സൗബിക്കും ഷബീറലിയും ഓടി കയറിയപ്പോൾ അക്രമി സംഘം പിൻവാങ്ങി. കേരള റജിസ്ട്രേഷനുള്ള വാഹനങ്ങൾ കൊള്ളയടിക്കുന്ന സംഘം ഗുണ്ടൽപേട്ടയ്ക്കു സമീപത്തെ വനം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന പരാതി നേരത്തേയുണ്ട്.