പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ സ്വദേശിവൽക്കരണം

ഹുദ ഹബീബ്

യുഎഇയിലെ ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിലെ മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുവാനുള്ള പ്രത്യേക പദ്ധതിക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. 2026 അവസാനത്തോടെ 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. എമിറേറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ്, എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ ഊന്നിപ്പറയുന്ന കാബിനറ്റ് യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് രാജ്യത്തെ ഇൻഷുറൻസ്, ബാങ്കിംഗ് മേഖലകളിൽ എമിറാത്തികൾക്ക് 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളാരംഭിച്ചത്.

രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുമെന്നാണ് സൂചന. സ്വദേശിവൽക്കരണത്തെ പിന്തുണയ്ക്കുന്ന കമ്പനികൾക്ക് അധിക പ്രോത്സാഹനങ്ങൾ നൽകുവാനും, സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിനും വേണ്ടി പുതിയ നയത്തിന് അംഗീകാരം നൽകിയാതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഭവനം, വികസനം, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴിൽ അവസരങ്ങൾ എന്നിവയിൽ സർക്കാർ സ്വദേശികളെ  നിരന്തരം പിന്തുണക്കും. യു.എ.ഇയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളൊരുക്കുകയുമാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

യു.എ.യിൽ  പ്രഖ്യാപിച്ച സ്വദേശിവൽക്കരണ പദ്ധതികൾ വിദേശികൾക്ക് വരും കാലങ്ങളിൽ കൂടുതൽ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. സൌദി അറേബ്യയിലും സ്വദേശിവൽക്കരണ പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ആദ്യം ബാങ്കിംഗ് ഇൻഷൂറൻസ് മേഖലകളിൽ നിന്നായിരുന്നു തുടക്കം. നിലവിൽ  ലക്ഷകണക്കിന് വിദേശികളാണ് ഓരോ വർഷവും തൊഴിൽ നഷ്ടപ്പെട്ട് സൌദിയിൽ നിന്നും മടങ്ങുന്നത്. ഇങ്ങിനെ മടങ്ങുന്നവരിൽ ഭൂരിഭാഗം പേരും യു.എ.ഇ യിലേക്കായിരുന്നു പോയിരുന്നത്. ഇപ്പോൾ യു.എ.ഇ യിലും സ്വദേശിവൽക്കരണ പദ്ധതികൾ ആരംഭിച്ചത് സൌദിയിലെ വിദേശികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Share
error: Content is protected !!