പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് പിഴയും തടവും
കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് കോടതി 25000 രൂപ പിഴ ചുമത്തി. കൂടാതെ കോടതി പിരിയും വരെ തടവിൽ കഴിയണമെന്നും കോടതി വിധിച്ചു. ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസാണ് ഇക്കാര്യം പങ്കുവെച്ചത്.
അബൂബക്കര്‍ തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും പൊലീസ് കുറിപ്പില്‍ പങ്കുവെച്ചു. പണമുണ്ടാക്കാനും തടവുശിക്ഷ അനുഭവിക്കാനും നമുക്ക് സാധിക്കുമെന്നും എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച് അപകടം സംഭവിച്ചാലോ മറ്റുള്ളവര്‍ക്ക് അപകടം സംഭവിച്ചാലോ നമുക്ക് സഹിക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.