ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം; സ്കൂൾ ഘടനയിൽ വൻ മാറ്റം വരുന്നു

ആറ് വയസ്സ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കില്ല.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ഘടനകൾ മാറും.
ഹൈസ്കൂൾ– ഹയർ സെക്കൻഡറി ക്ലാസുകളെ ഏകീകരിക്കും.

സുഹൈല അജ്മൽ

തിരുവനന്തപുരം:  പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ, ഒന്നാം ക്ലാസിലേക്ക് പുതിയതായി ചേരുന്ന കുട്ടികൾക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണമെന്ന ദേശീയ വിദ്യാഭ്യാസനയം കേരളത്തിലും നടപ്പിലാക്കും. അതനുസരിച്ച് അടുത്ത അധ്യയന വർഷം മുതൽ ആറ് വയസ്സ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല.

2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരം കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ മാറ്റം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴാണ് തയ്യാറെടുപ്പുകൾ ആരംഭിച്ചത്. കേരളത്തിലും സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥ നിലവിലുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ ഇനി മുതൽ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ നിലവിലെ രീതി പിന്തുടരാനാകില്ല. കൂടാതെ ഇപ്പോൾ സംസ്ഥാനത്തെ രീതി തന്നെ പിന്തുടർന്ന് വരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടിവരും.

കേന്ദ്ര വിദ്യാഭ്യാസനയ പ്രകാരം 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.

 

Share
error: Content is protected !!