2022 ൽ പുതിയ 30 സൌദിവൽക്കരണ പദ്ധതികൾ പ്രഖ്യാപിക്കും; കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടമാകും
റിയാദ്: സൌദിയിൽ 2022 ൽ പുതിയ 30 സൌദിവൽക്കരണ പദ്ധതികൾ കൂടി പ്രഖ്യാപിക്കുമെന്ന് മാനവവിഭശേഷി സാമുഹിക വികസന മന്ത്രി അഹമ്മദ് അൽ രാജ്ഹി വ്യക്തമാക്കി. 2021 ൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്കായി 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി 32 സൌദിവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിലൂടെ നാല് ലക്ഷം സ്വദേശികളായ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2022 ൽ 30 സൌദിവൽക്കരണ പദ്ധതികളാണ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മാണ സാമഗ്രികളുടെ വ്യാപാരം, വിതരണ ശൃംഖലകൾ, കരാർ മേഖല എന്നിവക്ക് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലികൾക്ക് നല്ല അന്തരീക്ഷവും നല്ല വരുമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം ഇതുവരെ 1.95 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. ജോലി ചെയ്യാൻ താൽപര്യമുള്ള ഊർജ്വസ്വലരായ യുവതീ യുവാക്കൾ രാജ്യത്തുണ്ട് എന്നതിൻ്റെ തെളിവാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് യാഥാർത്ഥ്യമായെന്നും സ്വകാര്യ മേഖലയിലെ സൗദികളുടെ അഭൂതപൂർവമായ എണ്ണത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നുവെന്നും അൽ രാജ്ഹി കൂട്ടിച്ചേർത്തു.
2022 ൽ പുതിയ സൌദിവൽക്കരണ പദ്ധതികൾ കൂടി പ്രഖ്യാപിക്കുമ്പോൾ, ഇന്ത്യക്കാരുൾപ്പെടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.