ഡോക്ടറുടെ വേഷം ധരിച്ച് പ്രസവ-ഗൈനക്കോളജി ടവറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച അറബ് പ്രവാസിയെ ആശുപത്രി സെക്യൂരിറ്റി വിഭാഗം പിടികൂടി. സൌദി അറേബ്യയിൽ ത്വാഇഫിലെ കിംങ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലാണ് സംഭവം.

ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ടവറിൽ പ്രവേശിക്കാനായി ഡോക്ടറുടെ വേഷത്തിലെത്തിയതായിരുന്നു ഇയാൾ. സംശയം തോന്നിയ സെക്യൂരിറ്റി ആൻ്റ് സേഫ്റ്റി ജീവനക്കാരൻ ഉടൻ തന്നെ സൂപ്പർവൈസറെ വിവരമറിയിച്ചു. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ സുരക്ഷാ ക്യാമറകളിലൂടെ നിരീക്ഷിക്കുവാൻ മെഡിക്കൽ കോംപ്ലക്സിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു.

സുരക്ഷാ ക്യാമറകളിലൂടെ താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും, ആശുപത്രി അധികൃതർ തന്നെ സംശയിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ ഇദ്ദേഹം രക്ഷപ്പെടാൻ ശ്രമമാരംഭിച്ചു. എന്നാൽ രക്ഷപെടാനുള്ള എല്ലാ പഴുതുകളുമടച്ച സുരക്ഷാ വിഭാഗത്തിൻ്റെ തന്ത്രപരമായ നീക്കത്തിൽ ഇദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നു. അന്വോഷണത്തിൽ ഇദ്ദേഹം ഡോക്ടറല്ലെന്നും, മെഡിക്കൽ കോംപ്ലക്സിൽ ഇത് വരെ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി.

മെഡിക്കൽ കോംപ്ലക്‌സിന്റെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിക്കാനും രോഗികളുടെ സ്വകാര്യത ലംഘിക്കാനും ശ്രമിച്ച കുറ്റത്തിന് തുടർ നടപടികൾക്കായി ഇയാളെ പോലീസിന് കൈമാറി.