വിൽപന നടത്തിയ കാർ ഡ്യൂപ്ലിക്കറ്റ് താക്കോലുപയോഗിച്ച് മോഷ്ടിച്ച് വീണ്ടും വിൽപന നടത്തുന്ന സംഘം പിടിയിൽ
കൊച്ചി∙ കാർ വിറ്റശേഷം അതേ കാറ് തന്നെ മോഷ്ടിച്ച് വിൽക്കുന്ന മൂന്നംഗ സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂപ്ലിക്കറ്റ് താക്കോലുപയോഗിച്ചായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. ജിപിഎസിന്റെ സഹായത്തോടെയായിരുന്നു വാഹനത്തിൻ്റെ ലൊക്കേഷൻ മനസിലാക്കിയിരുന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ വെള്ളോടത്തിൽ വീട്ടിൽ ഇക്ബാൽ (24), വടക്കേചോളക്കകത്ത് മുഹമ്മദ് ഫാസിൽ (26), അരിയല്ലൂർ അയ്യനാർകോവിൽ ശ്യാം മോഹൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ഒഎൽഎക്സ് ആപ്ലിക്കേഷനിലൂടെ കാർ വിൽക്കാനുണ്ടെന്ന് കാണിച്ച് പ്രതികൾ നൽകിയ പരസ്യത്തിൽ ആകൃഷ്ടരായി കഴിഞ്ഞ 8ന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഇവരിൽ നിന്ന് കാർ വാങ്ങിയിരുന്നു. 1,40,000 രൂപ കൈമാറിയ ശേഷം കാറുമായി യാത്ര തിരിച്ചു. കാലിക്കറ്റ് സർവകലാശാല പരിസരത്തു വച്ചായിരുന്നു കാറും പണവും പരസ്പരം കൈമാറിയത്. കാർ വാങ്ങിയ ആൾ കാറുമായി സ്വദേശത്തേക്ക് പോകുമ്പോൾ മറ്റൊരു വാഹനത്തിൽ കാറിനെ പിന്തുടർന്ന പ്രതികൾ പാലാരിവട്ടം ബൈപാസിലെ റസ്റ്റോറൻ്റിന് സമീപം കാർ നിർത്തിയിട്ടിരിക്കുന്നത് ജിപിഎസ് വഴി കണ്ടെത്തി. അവിടെ വെച്ച് ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് കാറുമായി പ്രതികൾ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശിയിൽ നിന്നു വാങ്ങിയ കാറിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം അതു മുഖ്യപ്രതി ഇക്ബാലിന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വാടകക്കെടുത്ത വാഹനങ്ങളും പ്രതികൾ പലർക്കും വിൽപന നടത്തിയതായി സൂചനയുണ്ട്.
മോഷണത്തിനുശേഷം വയനാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽക്കഴിയുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. കാർ മോഷണം പോയതായി നെടുമങ്ങാട് സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിൽപന നടത്തിയവർ തന്നെയാണ് മോഷണവും നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ചെലവഴിച്ചതെന്നു ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
ഇതേ വാഹനം പള്ളുരുത്തി സ്വദേശിക്ക് കഴിഞ്ഞമാസം വിറ്റ ശേഷം ഈ മാസം ആദ്യം ഇവർ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കാർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇക്ബാലും മുഹമ്മദ് ഫാസിലും. ഈ കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് നെടുമങ്ങാട് സ്വദേശിയെയും പള്ളുരുത്തി സ്വദേശിയെയും തട്ടിപ്പിനിരയാക്കിയത്.
കൂടാതെ ഇതേ കാർ വാങ്ങിയ വകയിൽ മുഴുവൻ പണവും നൽകാത്തതിനെതിരെ യഥാർഥ ഉടമ പാലക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ചേറായൂർ സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. പാലാരിവട്ടം ഇൻസ്പെക്ടർ എസ്. സനൽ, എസ്ഐമാരായ ടി.എം. ജോഷി, ടി.എസ്. രതീഷ്, എൻ.ടി. ജയകുമാർ, എഎസ്ഐമാരായ കെ.കെ. സോമൻ, എ.ടി. അനിൽകുമാർ, സിപിഒമാരായ മാഹിൻ അബൂബക്കർ, എ.എസ്. അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.