സൌദിയിലെ ഇന്ത്യൻ സ്ഥാനപതി ഡൽഹിയിലേക്ക് മടങ്ങുന്നു

മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് മടക്കം

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് മടങ്ങുന്നു. ഡൽഹിയിലെ കേന്ദ്രവിദേശകാര്യ വകുപ്പ് സെക്രട്ടറിയായി അടുത്ത മാസം ആദ്യം ഔസാഫ് സഈദ് ചുമതലയേൽക്കും. മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് മടക്കം. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച വിജ്ഞാപനമിറങ്ങി.

വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ, കോൺസുലർ, പാസ്‌പോർട്ട്, വിസ, എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയായിരിക്കും ഇദ്ദേഹത്തിന് ലഭിക്കുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ വിഷയങ്ങളും ഗൾഫ് സഹകരണ കൗൺസിൽ, അറബ് ലീഗ്, മഗ്‌രിബ് യൂണിയൻ എന്നീ സ്ഥാപനങ്ങളിലെ ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ ഏകോപനച്ചുമതലയും ഔസാഫ് സഈദിനായിരിക്കും.

ജിദ്ദയിൽ ഹജ് കോൺസലായി സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു ഔസാഫ് സഈദിൻ്റെ തുടക്കം. തുടർന്ന് 2004 ജിദ്ദയിൽ തന്നെ ഇന്ത്യൻ കോൺസൽ ജനറലായും സേവനമനുഷ്ടിച്ചു. ശേഷം ചിക്കാഗോയിലേക്ക് സ്ഥലം മാറിപ്പോയി. സീഷെൽസ്, യെമൻ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രമേധാവിയായി. അതിന് ശേഷമാണ് റിയാദിൽ അംബാസഡറായി ചുമതലയേറ്റത്.

സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറുടെ നിയമനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്.

2004 ഓഗസ്റ്റിൽ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായിരുന്നു. തുടർന്ന് ചിക്കാഗോയിലേക്ക് സ്ഥലം മാറിപ്പോയി. സീഷെൽസ്, യെമൻ എന്നിവിടങ്ങളിലും ഇന്ത്യൻ നയതന്ത്രമേധാവിയായി. മൂന്നു വർഷം മുമ്പാണ് സൗദിയിൽ ഇന്ത്യൻ സ്ഥാനപതിയായത്. പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമായ ആവാസ് സയ്യിദിന്റെ പുത്രനാണ്. ഭാര്യ ഫർഹാ സഈദ്,  കലാകാരിയും ‘എഗ്ഗ് പെയിന്റിംഗി’ ൽ ഏറെ പ്രശസ്തയുമാണ്. മൂന്ന് ആൺമക്കൾ. സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറുടെ നിയമനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
error: Content is protected !!