ഒന്ന് മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ 10നുള്ളിൽ പരീക്ഷ നടത്തും

തിരുവനന്തപുരം : സംസ്ഥാനത്തു ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ പത്തിനുള്ളിൽ നടത്താൻ തീരുമാനം. അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ശനിയാഴ്ചകളിലെ ക്ലാസുകൾ അടുത്ത മൂന്ന് ആഴ്ചകൂടി മാത്രമേ ഉണ്ടാകു. മാർച്ച്‌ 31നുള്ളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കും. ഭിന്നശേഷിക്കാർ ഉൾപ്പെടെ സ്കൂളിൽ എത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷക്കു മുൻപായിയുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ്  നിലവിൽ ഊന്നൽ നൽക്കുന്നത്. ഈ മാസം 28 നു മുൻപായി പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ തീർക്കാനും മന്ത്രി നിർദേശം നൽകി.

സ്കൂളുകള്‍ പൂ‍ര്‍ണമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകള്‍ യോ​ഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ പൂര്‍ണമായി തുറക്കുന്നതില്‍ കൂടിയാലോചന നടത്താത്തതിലുള്ള പ്രതിഷേധവും അധ്യാപക സംഘടനകള്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ നേരിട്ട് അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമ‍ര്‍ശിച്ചതിന്റെയോ പേരില്‍ അധ്യാപകര്‍ക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

Share
error: Content is protected !!