സ്കൂള്‍ ഫീ താങ്ങാനാകാതെ ബഹ്റൈനിലെ പ്രവാസി കുടുംബങ്ങള്‍

മനാമ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളുടെ സ്കൂള്‍ ഫീ അടയ്ക്കാന്‍ പ്രയാസപ്പെടുന്നതായും, ഫീസില്‍ ഇളവ് അനുവദിക്കണമെന്നും ബഹ്റൈനിലെ പ്രവാസി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രാലയം അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ചില സ്കൂളുകള്‍ ഫീസില്‍ 10 ശതമാനം വരെ കുറച്ചിരുന്നു. പക്ഷേ അപ്പോഴും സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുരമാണ് ഫീസ് എന്നു പരാതിപ്പെട്ട് നൂറുക്കണക്കിന് രക്ഷിതാക്കള്‍ ഒപ്പിട്ട നിവേദനം നേരത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.

 

മലയാളികളായ പല വിദ്യാര്‍ഥികളും നാട്ടില്‍ നിന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍റ് ചെയ്യുന്നത്. എങ്കിലും ഫീസ് കൃത്യമായി അടയ്ക്കണം എന്നാണ് സ്കൂള്‍ അധികൃതരുടെ നിര്‍ദേശം. 270 മുതല്‍ 450 വരെ ദിനാര്‍ ആണ് ഇന്ത്യന്‍ സ്കൂള്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഈടാക്കുന്ന ട്യൂഷന്‍ ഫീസ്.

 

സാമ്പത്തിക പ്രയാസമുള്ള കുട്ടികള്‍ക്ക് ഫീസില്‍ ഇളവ് അനുവദിക്കുന്നുണ്ടെന്നും അതുകൊണ്ട് പൊതുവായ ഇളവ് അനുവദിക്കാന്‍ ഇനി സാധിക്കില്ലെന്നുമാണ് ഇന്ത്യന്‍ സ്കൂളിന്‍റെ നിലപാട്. വരുമാനമാര്‍ഗം ഇല്ലാത്തവരും ജോലി നഷ്ടപ്പെട്ടവരുമായ രക്ഷിതാക്കള്‍ക്ക് അത് തെളിയിക്കുന്ന രേഖകള്‍ സഹിതം ഇളവിനായി ഇപ്പൊഴും സ്കൂളിനെ സമീപിക്കാമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,09,000 ദിനാര്‍ പാവപ്പെട്ട കുട്ടികളുടെ ഫീസ് അടയ്ക്കാനായി ബഹ്റിന്‍ ഇന്ത്യന്‍ സ്കൂള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പല രക്ഷിതാക്കളും ഇത് ദുരുപയോഗം ചെയ്യുന്നതായും മാനേജ്മെന്‍റ് ആരോപിച്ചു.

Share
error: Content is protected !!