ഇഖാമ കാലാവധി കഴിഞ്ഞവർക്ക് താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് എംബസി
റിയാദ്: സഊദിയിൽ ഇഖാമ കാലാവധികഴിഞ്ഞ ഇന്ത്യൻ പ്രാവസികളുടെ പാസ്പോർട്ട് പുതുക്കാനാകില്ലെന്ന ഇന്ത്യൻ എംബസിയുടെ തീരുമാനത്തിന് പരിഹാരമായി. പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഇഖാമ കാലാവധി പീന്നീട് പുതുക്കി നൽകാമെന്ന് സ്‌പോൺസറോ, കമ്പനിയോ ഉറപ്പ് നൽകുന്ന കത്ത് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും എംബസി വ്യക്തമാക്കി. ഇത്തരക്കാർക്ക് അഞ്ച് വർഷത്തേക്ക് താൽക്കാലികമായി പാസ്പോർട്ട് പുതുക്കി നൽകും. പിന്നീട് ഇഖാമ പുതുക്കി ലഭിക്കുന്ന മുറക്ക് പത്ത് വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും എംബസി അറിയിച്ചു.
ഇഖാമ കാലാവധി അവസാനിച്ച പ്രവാസികളുടെ പാസ്പോർട്ട് പുതുക്കി നൽകുന്നതിൽ വി.എഫ്.എസ് സെൻ്ററുകൾ വിമുഖത കാണിക്കുന്നതായി ആരോപിച്ച് നവയുഗം സാംസ്‌കാരികവേദിയുടെ കേന്ദ്രകമ്മിറ്റി ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യൻ എംബസി പുതിയ തീരുമാനം അറിയിച്ചത്. കൂടാതെ ഇഖാമ കാലവധി കഴിഞ്ഞവരുടെയും അപേക്ഷ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസി വി.എഫ്.എസ് സെൻ്ററുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.