വാവ സുരേഷിന് അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ
കോട്ടയം∙ മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയാണുള്ളതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കും. ആന്റിവെനം ചികിത്സ വരും ദിവസങ്ങളിലും തുടരുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരികയാണെന്നും ആശുപത്രി സുപ്രണ്ട് ഡോ. കെ.പി. ജയകുമാർ പറഞ്ഞു.
അടുത്ത 48 മണിക്കൂർ വാവ സുരേഷിന് നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിന്റെ ആരോഗ്യ നില അല്പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നുവെങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ബോധം തെളിഞ്ഞിരുന്നു. ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കൂടാതെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കൈകാലുകള്‍ അല്പം ഉയര്‍ത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചി പഞ്ചായത്തിലെ ഒരു വീട്ടുപരിസരത്ത് മൂന്നുദിവസമായി പാമ്പിനെ കാണുന്നുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പാമ്പിനെ പിടിക്കാനായി കഴിഞ്ഞ തിങ്കളാഴ്ച സുരേഷ് സ്ഥലത്തെത്തിയത്. ഉപയോഗ്യ ശൂന്യമായാി കിടക്കുന്ന ഒരു തൊഴുത്തിലെ കരിങ്കല്ലിനടിയിൽ നിന്ന് സുരേഷ് പാമ്പിനെ പിടികൂടി. വാലിൽ പിടിച്ചു ചാക്കിൽ കയറ്റുന്നതിനിടയിൽ വലുതുകാലിന്റെ തുടയിൽ കടിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ വിട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. പാൻ്റിനാണ് കടികൊണ്ടെതെന്നായിരുന്നു സുരേഷ് ആദ്യം കരുതിയിരുന്നത്. പിന്നീട് രക്തം ഒലിക്കുന്നത് കണ്ടാണ് തനിക്ക് കടിയേറ്റതായി തിരിച്ചറിഞ്ഞത്. ശേഷം സുരേഷ് തന്നെ മുറിവിൽ നിന്ന് രക്തം ഞെക്കി പുറത്തേക്ക് കളയുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
മെഡിക്കൽ കോളേജിലേക് പോവും വഴി ബോധം നഷ്ടപ്പെട്ടു. അതെ തുടർന്നു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.ഗുരുതരാവസ്ഥയിലുള്ള സുരേഷിനെ പിന്നീട് മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4മണിയോടുകൂടെയാണ് സംഭവം.
ഗുരുതരാവസ്ഥയിലുള്ള സുരേഷിനു സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.


