സംസ്ഥാനത്തേക്കു വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈനിൽ നേരിയ ഇളവനുവദിച്ചു

തിരുവനന്തപുരം. വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറൻ്റൈനിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്നവരെല്ലാം ഏഴ് ദിവസം നിർബന്ധമായും വീടുകളിൽ ക്വാറൻ്റൈനിൽ കഴിയണമെന്നായിരുന്നു നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്ന് വരുന്നതിനിടെയാണ് ഇന്ന് ക്വാറൻ്റൈനിൽ ഇളവ് നൽകുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചത്.

ഇനിമുതൽ ഏഴ് ദിവസത്തില്‍ താഴെയുള്ള കാലയളവിലേക്ക്  സംസ്ഥാനത്തേക്കു വരുന്നർക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാൽ മതി. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ച് ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായും മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോണ്‍കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Share
error: Content is protected !!