പലഹാരപ്പൊതിയിൽ ലഹരി മരുന്ന്; ഗൾഫിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിൽ പിടിയിലായി; സ്വീകരിക്കാൻ ചെന്ന നിരപരാധികളായ കൂട്ടുകാരും പിടിയിൽ

ആദ്യമായി ഗൾഫിലേക്ക് പുറപ്പെട്ട മലയാളി യു.എ.ഇ വിമാനത്താവളത്തിൽ പിടിയിലായി. ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

പുറപ്പെടുന്നതിന് മുമ്പ് അടുത്ത ബന്ധു ഗൾഫിലുള്ള സഹോദരന് നൽകാനായി ഏൽപ്പിച്ച പലഹാരപ്പൊതിയിൽ ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ചിരുന്നു എന്ന കാര്യം വിമാനത്താവളത്തിൽ പിടിയിലായപ്പോഴാണ് ഇയാൾ അറിയുന്നത്.

ലഗേജിനകത്ത് ലഹരി മരുന്ന് കണ്ടെത്തിയ കാര്യം ആദ്യം ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് മറച്ച് വെച്ചു. സാധാരണപോലെ കുശലന്വോഷണം നടത്തി. ആരുടെ കൂടെയാണ് താമസ സ്ഥലത്തേക്ക് പോകുക എന്നന്വോഷിച്ചു. നാട്ടുകാരനായ സുഹൃത്ത് വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മറുപടി നൽകി. ശരി പൊയ്ക്കോളൂ എന്ന പറഞ്ഞ് ഉദ്യോഗസ്ഥർ അയാളെ പോകാൻ അനുവദിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാധാരണപോലെ ലഗേജുമായി മലയാളി പുറത്തിറങ്ങി. പുറത്ത് കാത്ത് നിന്നിരുന്ന നാട്ടുകാരൻ ഇയാളുമായി കണ്ടുമുട്ടി. സംസാരിച്ചുകൊണ്ട് ഇരുവരും പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ നാട്ടുകാരൻ്റെ റൂമിൽ താമസിക്കുന്ന മറ്റു രണ്ട് പേരും കാറിലുണ്ടായിരുന്നു. കൈ കൊടുത്ത് അവരേയും പരിചയപ്പെട്ടു. അവധി ദിനമായതിനാൽ മൂന്ന് പേരും ചേർന്ന് വിമാനത്താവളത്തിലേക്ക് പോന്നതായിരുന്നു. കാറിൻ്റെ ഡിക്കി തുറന്ന് ലഗേജുകൾ കയറ്റാൻ ശ്രമിക്കുമ്പോഴാണ് പെന്നെട്ട് നാല് ഭാഗത്ത് നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ വളയുന്നത്.

വിമാനത്താവളത്തിനകത്ത് നിന്ന് കുശലാന്വോഷണം നടത്തിയ ശേഷം വിട്ടയച്ച ഉദ്യോഗസ്ഥർ ഇവരെ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു എന്ന് അപ്പോഴാണ് ഇവർ അറിയുന്നത്. പുറത്ത് കാത്ത് നിന്ന മൂന്ന് പേരും, സാധനവുമായി നാട്ടിൽ നിന്നെത്തിയ ആളും അകത്തായി. യഥാർത്തത്തിൽ ഈ നാല് പേർക്കും ലഹരി മരുന്നുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നതാണ് വസ്തുത.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ വന്നവരെ പിന്നീട് ദിവസങ്ങൾക്ക് ശേഷം സാമൂഹിക പ്രവർത്തകരുടേയും മറ്റും ഇടപെടലിലൂടെ പുറത്തിറക്കി. പക്ഷേ ആദ്യമായി യു.എ.ഇയിലെത്തിയ ആ ഹതഭാഗ്യൻ ഇപ്പോൾ ജയിലഴിക്കുള്ളിലാണ്. വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി പിടിയിലായവരിൽ ഒരാളുടെ ബന്ധുവാണ് ഇക്കാര്യം മലയാളം ന്യൂസ് ഡെസ്കിനെ അറിയിച്ചത്. നിരവധി മലായാളികളാണ് ഓരോ ദിവസവും ഇത്തരം ചതിയിൽ അകപ്പെട്ട് ഗൾഫ് നാടുകളിലെ ജയിലുകളിലാകുന്നത്.

നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്നവരുടെ കൈവശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനായി നാട്ടിലുള്ള ബന്ധുക്കൾ പലവിധ സാധനങ്ങൾ ഈ രീതിയിൽ കൊടുത്തുവിടാറുണ്ട്. ഇത്തരത്തിൽ പലരേയും സഹായിക്കാനായി സാധനങ്ങൾ കൊണ്ടുവരുന്നവരിൽ പലരും ഗൾഫ് നാടുകളിലെ വിമാനത്താവളങ്ങളിൽ മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നത് ഇപ്പോൾ തുടർകഥപോയെ ആയിരിക്കുന്നു. ഇത്തരം കേസുകളുടെ എണ്ണം ഒരോ ദിവസവും വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും ചതിയിൽപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്.

മനഃപൂർവം മയക്കുമരുന്ന് കൊടുത്തുവിടുന്നവരും മറ്റുള്ളവരുടെ ചതിയിൽപ്പെടുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ വിമാനയാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിൽ കൂടുതൽ ശക്തമായ ബോധവൽക്കരണം നടത്താൻ സാമൂഹികപ്രവർത്തകർ ശ്രദ്ധിക്കണം. കാലങ്ങളായി നടന്ന് വരുന്ന ഒരു ചതിയാണിത്. ഇനിയുള്ള കാലത്തും ഇത് തുടരാനാണ് സാധ്യത. അതിനാൽ തന്നെ ബോധവൽക്കരണം നിരന്തരം തുടരണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എത്ര പരിചയക്കാരായാലും മറ്റുള്ളവർ ഏൽപിക്കുന്ന സാധനങ്ങൾ തുറന്ന് നോക്കി ഉറപ്പുവരുത്തി മാത്രം ഏറ്റെടുക്കുകയെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട് പ്രധാന കാര്യം. എന്നാൽ പോലും ചതിക്കപ്പെടാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി വരുന്ന ആളുകളാണെങ്കിൽ ഒരാളുടെ സാധനവും വാങ്ങാതിരിക്കലാണ് ഏറ്റവും ഉത്തമം.

ഗൾഫിലുള്ള സുഹൃത്തിന് അല്ലെങ്കിൽ ബന്ധുവിന് കൊടുക്കണം എന്ന് പറഞ്ഞ് പലഹാരങ്ങൾ, പഴങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങി പലവിധ സാധനങ്ങളും പലരും ഏൽപ്പിക്കാറുണ്ട്. വളരെയേറെ ജാഗ്രതയോടെ മാത്രമേ ഇത്തരം സാധനങ്ങൾ ഏറ്റെടുക്കാൻ പാടുളളൂ. ഷർട്ടിന്റെയും പാന്‍റിന്റെയും ഉള്ളിൽ ഒളിപ്പിച്ച നിലയിൽ പലതവണ ഗൾഫിലെ വിമാനത്താവളങ്ങളിൽ നിന്ന് ലഹരി മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം ആവശ്യത്തിനായി വാങ്ങിയ വസ്ത്രങ്ങളാണെങ്കിൽ പോലും, ലഗേജിലേക്ക് വെക്കുന്നതിന് മുമ്പ് പൂർണമായും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യത്തിൽ ചതി ഒരു പക്ഷേ സ്വന്തം വീട്ടിൽ നിന്ന് പോലും ഉണ്ടായേക്കാം. വാഴപ്പഴത്തിനകത്തും, അച്ചാറിനകത്തും, മധുര പലാഹരങ്ങൾക്കുള്ളിലും വരെ ചിലർ മയക്ക് മരുന്ന കടത്താൻ ശ്രമിച്ച് പിടിക്കപ്പെട്ടിട്ടുണ്ട്. ഗുളികളുടെ  കൂടെ ചേർത്ത് കടത്താൻ ശ്രമിക്കുന്നവരും കുറവല്ല. മരുന്നുകൾ കൊണ്ട് പോകുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. ചില മരുന്നുകൾ ലഹരി അല്ലെങ്കിൽ പോലും ഗൾഫ് നാടുകളിൽ നിരോധിക്കപ്പെട്ടതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

പല സാഹചര്യങ്ങളിലാണ് പ്രവാസികൾ ചതിക്കപ്പെടുന്നത്. ചിലർ വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് സൗഹൃദം സ്ഥാപിക്കും. പിന്നീട് ബാത്ത് റൂമിൽ പോയി വരുന്നത് വരെ ഈ ലഗേജ് ഒന്ന് പിടിക്കണേ എന്ന് പറഞ്ഞ് മുങ്ങും. ചതിക്കപ്പെട്ടതറിയാതെ ഈ ലഗേജുമായി വിമാനത്തിൽ കയറുന്ന പ്രവാസികൾ ഗൾഫിലെ വിമാനത്താവളത്തിൽ പിടിക്കപ്പെടുമ്പോഴാണ് ചതി മനസ്സിലാക്കുക. പിടിക്കപ്പെടാതെ പുറത്തിറങ്ങിയാൽ ലഗേജ് വാങ്ങാനായി ആളെത്തുകയും ചെയ്യും.

അത് പോലെ തന്നെ ചായ കുടിക്കാനോ, ബാത്ത്റൂമിലേക്കോ പോകുമ്പോൾ ബാഗ് അപരിചിതരെ ഏൽപിച്ച് പോകരുത്. ഒരു പക്ഷേ നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ ബാഗിൽ ആരെങ്കിലും ലഹരി മരുന്ന് ഒളിപ്പിച്ച് വെക്കാൻ സാധ്യതയുണ്ട്. എയർപോർട്ടിൽനിന്ന് കുഴപ്പമൊന്നുമില്ലാതെ പുറത്തിറങ്ങിയാൽ വെച്ച ആൾ പുറത്തുവന്ന് സാധനം മേടിക്കുമ്പോൾ ആണ് നിങ്ങൾ ഇക്കാര്യം അറിയുക. അത് പോലെ തന്നെ വിമാനത്താവളത്തിലെ ബാത്ത് റൂമിലേക്ക് കയറുമ്പോൾ പലരും ഹാൻഡ് ബാഗ് പുറത്ത് വെച്ച് കയറാറുണ്ട്. ഇതും വലിയ അപകടം വിളിച്ച് വരുത്തുമെന്ന് പ്രത്യേകം ഓർക്കുക.

യാത്രക്ക് തയ്യാറെടുക്കുന്നത് മുതൽ ഗൾഫിലെ താമസ സ്ഥലത്ത് എത്തിച്ചേരുന്നത് വരെ കൃത്യമായ ജാഗ്രതയാണ് ആവശ്യം. കഴിയുന്നതും ഒരാളുടെ സാധനങ്ങളും ഏറ്റെടുക്കാതിരിക്കുക. പണ്ടത്തെ കാലം പോലെ അല്ല ഇപ്പോൾ. പലരും ഇടക്കിടെ നാട്ടിൽ വന്ന് പോകുന്നവരാണ്. ആവശ്യമുള്ള കേരളീയ ഉൽപ്പന്നങ്ങൾ ഏതും ഗൾഫിൽ എല്ലായിടത്തും സുലഭമാണ് എന്നതും പ്രത്യേകം ഓർക്കുക. അതിനാൽ ഓരോ യാത്രയിലും അവനവന് ആവശ്യമുള്ളത് മാത്രം കൈവശം വെക്കുന്നതാണ് ഏറ്റവും ഉചിതം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!