ഹോട്ടലിൽ മയക്ക് മരുന്ന് കച്ചവടം, ലൈംഗിക ഉപകരണങ്ങൾ: യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ
പത്തനംതിട്ടയിലെ പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ യുവതി അടക്കം അഞ്ചുപേർ അറസ്റ്റിലായി.
ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടൽ മുറിയില്‍നിന്ന് 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ എംഡിഎംഎ പിടികൂടിയത്.
സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. പിടികൂടിയ മയക്ക് മരുന്നിന് ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.
ജില്ലാ പോലിസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
അടൂർ സ്വദേശി രാഹുൽ ആർ (മോനായി) (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ സ്വദേശി ആര്യൻ പി (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണൻ (20), കൊടുമൺ സ്വദേശി സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഹോട്ടലിൽ മുറിയെടുത്തത്.
ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എംഡിഎംഎ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിൽ തുടർന്ന പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്ജ് വളഞ്ഞ് പോലീസ് ഇവരെ കീഴടക്കുകയാണുണ്ടായത്.
4 ഗ്രാം ഒരാളുടെ കയ്യിൽ നിന്നും, ബാക്കിയുള്ളത് ബാഗിലും മറ്റുള്ളവരുടെ കൈവശത്തു നിന്നുമാണ് കണ്ടെടുത്തത്. തുടർന്ന് അടൂർ തഹസീൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എംഡിഎംഎ എന്ന് സ്ഥിരീകരിച്ചു. പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും, ജില്ലയിൽ ഇത്തരം നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക