അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുഴല്‍ കിണറില്‍ വീണ 12 കാരിയെ രക്ഷിച്ചു
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏഴര മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. 700 അടി താഴ്ചയുള്ള കുഴൽ കിണറിൽ 60 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടി.
പൊലീസ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുൻപേ കുട്ടിക്ക് ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തി. കുഴല്‍ കിണറിലേക്ക് ക്യാമറ ഇറക്കി കുട്ടിയുടെ ആരോഗ്യനിലയും പൊലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു.
കുഴല്‍ കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ധ്രംഗധ്രയിലെ ഒരു ഫാമിലെ കുഴല്‍ക്കിണറില്‍ സമാനമായ രീതിയില്‍ രണ്ട് വയസ്സുള്ള ആണ്‍കുട്ടി വീണിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ സൈന്യത്തിന്റെ സഹായം തേടുകയും ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക