കനത്ത മഴയിൽ സ്കൂൾ മുറ്റത്ത് വെള്ളം കയറി; ടീച്ചർക്ക് നടക്കാൻ പ്ലാസ്റ്റിക് കസേരകൾ നിരത്തി വിദ്യാർഥികൾ വഴിയൊരുക്കി, വീഡിയോ വൈറലായതോടെ സസ്പെൻഷൻ
ഉത്തർ പ്രദേശിലെ സ്കൂളിൽ അധ്യാപിക വിദ്യാർഥിയെ കൊണ്ട് കൈ തടവിച്ച വീഡിയോ വൈറലായതിന് പിറകെ മറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിലും വിദ്യാർഥികളെ ടീച്ചർ ദുരുപയോഗം ചെയ്തതായി വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു.
ഉത്തർ പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. ഇന്നലെ പെയ്ത കനത്ത മഴയിൽ സ്‌കൂൾ കവാടത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. സ്കൂൾ മുറ്റത്ത് വെള്ളം കെട്ടി നിന്നതിനാൽ അധ്യാപികക്ക് സ്കൂളിലേക്ക് വരാൻ പ്ലാസ്റ്റിക് കസേരകൾ നിരത്തി വഴിയൊരുക്കാൻ വിദ്യാർഥികളോട് അധ്യാപിക നിർദേശിച്ചു. ഇതനുസരിച്ച് വിദ്യാർഥികൾ കസേരകൾ വെള്ളത്തിൽ നിരത്തി വെച്ച് ടീച്ചർക്ക് കയറി നടക്കാൻ വഴിയൊരുക്കുകയായിരുന്നു.
അധ്യാപിക കസേരകളിൽ ചവിട്ടി മറ്റൊരു കുട്ടിയുടെ ചുമലിൽ പിടിച്ച് കസേരകളിൽ നിന്ന് അടുത്ത കസേരയിലേക്ക് ചാടി കടന്ന് കൊണ്ടിരുന്നു. ടീച്ചറുടെ കാലടികൾക്ക് അനുസരിച്ച് മറ്റു കുട്ടികൾ കസേര അടുത്തേക്ക് നീക്കി വെച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം.
അധ്യാപികക്ക് വെള്ളത്തിൽ ചവിട്ടാതെ സ്കൂളിലേക്ക് കയറാനായി വിദ്യാർഥികൾ വെള്ളത്തിൽ ചവിട്ടി നടക്കുന്നതും, വസ്ത്രങ്ങൾ നനയാതിരിക്കാനായി ചില കുട്ടികൾ വസ്ത്രങ്ങൾ അഴിച്ച് വെച്ചതായും വീഡിയോയിൽ വ്യക്തമാണ്.
സംഭവം മറ്റൊരാൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ അധ്യാപികയെ അന്വോഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം