യു.എ.ഇ യിൽ മഴ ശക്തമായി; വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. രക്ഷാ പ്രവർത്തനവുമായി സൈന്യം

കനത്ത മഴയെത്തുടർന്ന് യു.എ.ഇയുടെ കിഴക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി എമർജൻസി, റെസ്‌ക്യൂ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ രാത്രി മുതലാണ് മഴ ശക്തമായതിനെ തുടർന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി. ഫുജൈറയിലും റാസൽഖൈമയിലും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്ന് റാസൽഖൈമയിലെയും മറ്റും ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ തൽക്കാലം അടച്ചിടും.

കലാവസ്ഥ മോശമായി തുടരുന്നതിനാൽ ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അനിവാര്യമല്ലാത്ത ജീവനക്കാർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദൂരമായി ജോലി ചെയ്യാൻ അനുമതി നൽകുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഇതേ അറിയിപ്പ് നൽകിയിട്ടുണ്ട്.

 

ഫുജൈറ എമിറേറ്റിലെയും കിഴക്കൻ പ്രദേശങ്ങളിലെയും രക്ഷാപ്രവർത്തനത്തിനായി ആഭ്യന്തര മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സമീപത്തെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള എമർജൻസി, റെസ്‌ക്യൂ ടീമുകളെ അണിനിരത്താൻ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്കും സമീപത്തെ ഹോട്ടലുകളിലേക്കും മാറ്റാനും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നിർദേശിച്ചു.

രാജ്യത്തെ എല്ലാ എമിറേറ്റുകളിലും പേമാരിയുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനും അവ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര കമ്മിറ്റി രൂപീകരിക്കാൻ കൗൺസിൽ ഉത്തരവിട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ പെയ്ത പേമാരിയുടെ ഫലമായി ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) യുമായി ഏകോപിപ്പിച്ച് ബന്ധപ്പെട്ട പോലീസ് ടീമുകളുമായും സിവിൽ ഡിഫൻസ് അതോറിറ്റികളുമായും പ്രവർത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

വീഡിയോകൾ കാണാം

 

 

 

 

Share
error: Content is protected !!