പഠനഭാരം താങ്ങാനാകുന്നില്ല; തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരനും ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ ഇത് അഞ്ചാമത്തെ ആത്മഹത്യ
തമിഴ്നാട്ടിൽ ഇന്ന് വീണ്ടും 12-ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെയും 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെയും വിദ്യാർഥി മരണമാണിത്.
ശിവഗംഗ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗണിതവും ജീവശാസ്ത്രവും തനിക്ക് നേരിടാൻ കഴിയുന്നില്ലെന്ന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇതിന് മുമ്പ് നാല് സ്കൂൾ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു; ഇവരിൽ മൂന്ന് പേർ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നവരായിരുന്നു.
ഇന്ന് രാവിലെയാണ് ശിവകാശിയിൽ പതിനൊന്നാം ക്ലാസുകാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ കുട്ടി കഠിനമായ വയറുവേദന അനുഭവിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പതിനൊന്നാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് മണിക്കൂറുകൾക്ക് മുമ്പ് കടലൂർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
നാല് പേജുള്ള ആത്മഹത്യാ കുറിപ്പിൽ വിദ്യാർത്ഥിനി തന്റെ മാതാപിതാക്കളുടെ ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മയെക്കുറിച്ച് കുറ്റപ്പെടുത്തിയതായി പോലീസ് ഓഫീസർ കാർത്തിക് പറഞ്ഞു.
തിങ്കളാഴ്ചയാണ് തിരുവള്ളൂർ ജില്ലയിലെ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മരണത്തിലും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ മരണങ്ങളിൽ ആദ്യത്തേത് ജൂലൈ 13 ന് കള്ളക്കുറിച്ചി ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. സ്കൂൾ വളപ്പിൽ കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വൻ പ്രതിഷേധത്തിനും തീവെപ്പിനും കാരണമായി, നിരവധി പേർക്ക് പരിക്കേറ്റു. സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ വേദനാജനകമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്നലെ പറഞ്ഞിരുന്നു.
“ഒരു സാഹചര്യത്തിലും വിദ്യാർത്ഥികൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടാകരുത്. പരീക്ഷണങ്ങളെ നേട്ടങ്ങളാക്കി മാറ്റുക,” സ്റ്റാലിൻ പറഞ്ഞു, കുട്ടികളിൽ മാനസിക ശക്തി പകരാൻ അധ്യാപകർക്കും നിർദേശം നൽകി.
വിദ്യാർഥികളെ ലൈംഗികമായും മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക