മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നു; സ്‌കൂള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി

പത്താം ക്ലാസ് പാസ്സായ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മൂന്നിയൂര്‍ എച്ച്എസ്എസ് സ്‌കൂള്‍ സുപ്രീം കോടതിയെ സമീപിച്ചു.

സ്‌കൂളിന് അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളോട് ഭരണഘടനപരമായ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പാറകടവ് മൂന്നിയൂര്‍ എച്ച്എസ്എസ്സില്‍ പ്ലസ് വണ്ണില്‍ അധിക ബാച്ച് അനുവദിക്കാന്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ സ്‌കൂള്‍ മാനേജ്മെന്റ് സുപ്രീം കോടതിയില്‍ നല്‍കിയ പ്രത്യേക അനുമതി ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം വിവേചന പരമെന്ന് ആരോപിച്ചിരിക്കുന്നത്.

2021-22 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സിലബസില്‍ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വര്‍ഷം അത് മുക്കാല്‍ ലക്ഷം കടന്നുവെന്നാണ് ഹര്‍ജിയില്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെ മറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ ജില്ലയിലെ പല വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്‌കൂള്‍ മാനേജര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ എസ്എല്‍സിസി പരീക്ഷയ്ക്ക് വിജയിക്കുന്ന വിദ്യാര്‍ഥികളെകാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാണെന്നും അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി എസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധിക ബാച്ചുകള്‍ അനുവദിക്കാതെ നിലവിലുഉള്ള ബാച്ചുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത് കാരണം ഓരോ ക്ലാസിലും എഴുപതിലധികം വിദ്യാര്‍ഥികളാണ് ഉള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ മറ്റ് ജില്ലകളില്‍ ഓരോ ക്ലാസിലും അമ്പതോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ഇതും ജില്ലയിലെ വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഉദാഹരണമായി സ്‌കൂള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share
error: Content is protected !!