ചെറുപ്രായത്തിൽ തന്നെ അമ്മ മരിച്ചു, പിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോയ പെൺകുട്ടിക്ക് സി.ബി.എസ്.ഇ പരീക്ഷയിൽ 99.4% മാർക്ക് – വീഡിയോ

ചെറുപ്രായത്തിൽ തന്നെ അമ്മ മരിച്ചു, പിന്നാലെ അച്ഛൻ ഉപേക്ഷിച്ചു. മുത്തശ്ശിയുടെ ഒപ്പംനിന്നു വളർന്ന ആ പെൺകുട്ടി വർഷങ്ങൾക്കുശേഷം ഇന്നു പട്നയുടെ അഭിമാനമാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.4% മാർക്കു നേടിയാണ് പട്നയിലെ ശ്രീജ നാടിന് അഭിമാനതാരമായത്. ബിജെപി എംപി വരുൺ ഗാന്ധിയുടെ ട്വീറ്റിലൂടെയാണ് ശ്രീജയുടെ ജീവിതകഥ പുറംലോകമറിയുന്നത്.

വരുൺ ഗാന്ധി പങ്കുവച്ച ശ്രീജയുടെയും മുത്തശ്ശിയുടെയും വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അദ്ഭുതകരമായ കഥ! അമ്മയും അച്ഛനും നഷ്ടപെട്ട പെൺകുട്ടി, മുത്തശ്ശിയുടെ വീട്ടിൽനിന്നു കഠിനാധ്വാനം ചെയ്ത് ചരിത്രം സൃഷ്ടിച്ചു. പത്താം ക്ലാസിൽ 99.4 ശതമാനം മാർക്ക് നേടിയ അവൾ കാണിച്ചുതരുന്നത് പ്രതിഭകൾ അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കാറില്ല.’– വരുൺ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.

 

ശ്രീജ ഉയർന്ന മാർക്കിൽ പത്താം ക്ലാസ് ജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുത്തശ്ശി വിഡിയോയിൽ പറയുന്നു. ‘എന്റെ മകളുടെ മരണശേഷം അച്ഛൻ അവളെ ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങൾ അയാളെ കണ്ടിട്ടില്ല. അയാൾ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോൾ, ശ്രീജയുടെ വിജയം കണ്ടതിനുശേഷം, അയാൾ തന്റെ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നുണ്ടാകും.’– മുത്തശ്ശി പറയുന്നു.

പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ശ്രീജ, തന്റെ പരീക്ഷാ തയാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞു. ‘എനിക്ക്, പഠനസമയത്തിന്റെ ദൈർഘ്യം പ്രശ്നമല്ല. പഠനത്തിനൊപ്പം മറ്റു കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നുണ്ട്. പരീക്ഷയ്ക്ക് മുൻപ് ഞാൻ ഒരുപാട് ചോദ്യപേപ്പറുകൾ സോൾവ് ചെയ്യുകയും നന്നായി റിവൈസ് ചെയ്യുകയും ചെയ്തു.’– ശ്രീജ പറഞ്ഞു.

ശ്രീജയ്ക്കും മുത്തശ്ശിക്കും നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ ആശംസ അറിയിക്കുന്നത്. ബിഎസ്ഇബി കോളനിയിലെ ഡിഎവി പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ ശ്രീജയ്ക്ക്, ശാസ്ത്രത്തിലും സംസ്കൃതത്തിലും മുഴുവൻ മാർക്കുണ്ട്. ഇംഗ്ലിഷ്, കണക്ക്, സാമൂഹ്യപാഠം എന്നീ വിഷയങ്ങളിൽ 99 മാർക്കും. ഇതേ സ്കൂളിൽതന്നെ സയൻസ് സ്ട്രീമിൽ അഡ്മിഷൻ എടുത്തു കഴിഞ്ഞു. ഭാവിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആകണമെന്നാണ് ആഗ്രഹം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!