തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; വന്‍പ്രതിഷേധം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെ, തിരുവള്ളൂരിലും സമാനം സംഭവം റിപ്പോർട്ട് ചെയ്തു. കീഴ്ചേരിയിൽ രാവിലെ സ്കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുത്തണി തെക്കളൂർ സ്വദേശികളായ പൂസനം–മുരുകമ്മാൾ ദമ്പതികളുടെ മകളായ പി. സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സരള. പോസ്റ്റുമോർട്ടം നടപടികൾക്കായി പെൺകുട്ടിയുടെ മൃതദേഹം തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരുന്ന സരള അവർ ഭക്ഷണം കഴിക്കാൻ പോയ സമയം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായാണ് പറയപ്പെടുന്നത്.

എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

 

ദിവസങ്ങൾക്ക് മുൻപു കള്ളക്കുറിച്ചിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറി. ഈ സാഹചര്യത്തിലാണ് പൊലീസ് സന്നാഹം ശക്തമാക്കിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!