ചരിത്ര നിമിഷം; രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ ദ്രൗപതി മുർമു. ‘രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്‍റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.’– രാഷ്ട്രപതി പറഞ്ഞു.

 

രാഷ്ട്രപതി സ്ഥാനത്തെത്തിയത് തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്‍റെയും നേട്ടമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷക്ക് നന്ദി പറയുന്നു. ഓരോ ഇന്ത്യക്കാരുടെയും പ്രതീക്ഷകളുടേയും അഭിലാഷങ്ങളുടേയും അവകാശങ്ങളുടേയും പ്രതീകമായ പാര്‍ലമെന്റില്‍ നില്‍ക്കുമ്പോള്‍ എല്ലാവരോടും എളിമയോടെ നന്ദി അറിയിക്കുന്നു. എല്ലാവരുടേയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ശക്തിപകരുമെന്നും സ്ഥാനമേറ്റെടുത്തശേഷം രാഷ്ട്രപതി പറഞ്ഞു.

 

സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് താന്‍. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന് സ്വപ്നം കാണാന്‍ മാത്രമല്ല, സ്വപ്നങ്ങള്‍ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിയത്.ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.

 

രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്.

 

1958 ജൂൺ 20ന് സാന്താൽ കുടുംബത്തിലാണ് ജനനം.ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. രാഷ്​ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!