ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം

ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി.

അൽപസമയത്തിനകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.

കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചു.

ഇംഗ്ലിഷ് അക്ഷരമാലക്രമത്തിൽ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി അറിയിച്ചു.

ഇരുസഭകളിലുമായി 771 എംപിമാരാണ് വോട്ട് ചെയ്തത്. ഇതില്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചത് 540 എംപിമാരുടെ പിന്തുണയാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത്‌ സിൻഹയ്ക്ക് ലഭിച്ചത് 208 എം.പിമാരുടെ വോട്ടാണ്. 15 എം.പിമാരുടെ വോട്ട് അസാധുവായി. ഇതോടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവെന്ന ബഹുമതി ദ്രൗപദി മുർമുവിന് സ്വന്തമായി.

 

ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലെത്തുന്നത്.

ഭുവനേശ്വറിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. പിന്നീട്  സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്റംഗ്പൂർ മുൻസിപ്പൽ കൗൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമു മുതൽക്കൂട്ടായി.

ബിജെഡി–ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമു ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി–ബിജെപി സഖ്യം തകർന്നതിനാൽ മുർമു പരാജയപ്പെട്ടു.

തുടർന്നിങ്ങോട്ട് വ്യക്തി ജീവിതത്തിൽ ഏറെ നഷ്ടങ്ങൾ നേരിട്ടു മുർമു. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണം മുർമുവിനെ ഉലച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാർഖണ്ഡ് ഗവർണറായി ആയിട്ടാരുന്നു മുർമുവിൻറെ തിരിച്ച് വരവ്. ജാർഖണ്ഡിലെ ഭൂ നിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങൾക്കിടെയായിരുന്നു ദ്രൗപദി മുർമു ഗവർണറായി എത്തിയത്. ജാർഖണ്ഡ് സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ദ്രൗപദി മുർമു ഒപ്പ് വയ്ക്കാതെ മടക്കി അയച്ച ചരിത്രവും മുർമുവിനുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!