കേസ് തിരിച്ചടിക്കുന്നു; ഇ.പി.ജയരാജനെതിരെ വധശ്രമത്തിന് കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ സഹിതം ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്. ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു.

വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ രണ്ടാം പ്രതിയും വി.എം.സുനീഷ് മൂന്നാം പ്രതിയുമാണ്.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ, ഇ.പിക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ ഹരജി നല്‍കിയത്.

തങ്ങളുടെ നേരെ കൊല്ലെടാ എന്ന് പറഞ്ഞ് ഇ.പി ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചുവെന്നുമായിരുന്നു യൂത്ത്കോണ്‍ഗ്രസുകാരുടെ പരാതി. പരാതിക്കാര്‍ വീല്‍ചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവര്‍ കോടതിയില്‍ ഹാജരാക്കി. ഈ സംഭവത്തിലാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്.

എന്നാൽ കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് സ്വാഭാവിക നടപടിയാണെന്നും, ഇത് തനിക്കും പാർട്ടിക്കുമേറ്റ തിരിച്ചടിയാണെന്നുള്ളത് മാധ്യമ വ്യാഖ്യാനമാണെന്നും ഇ.പി ജയാരജൻ പ്രതികരിച്ചു. പിണറായിയെ കൊല്ലാൻ വാടക കൊലയാളികളെ അയച്ചവരാണ് കോൺഗ്രസ് നേതാക്കളെന്നും, കോൺഗ്രസുകാർ നിരാശരായി കോടതിക്ക് ചുറ്റും നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവർ തനിക്കെതിരെ കേസെടുക്കണം എന്ന് മാത്രം അല്ല, കൊല്ലണം എന്നും പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇൻഡിഗോ അന്വേഷണ കമ്മീഷൻ നിലവാരം ഇല്ലാത്തതതാണ്. അതുകൊണ്ടാണ് തനിക്ക് എതിരെ റിപ്പോർട്ട് നൽകിയതെന്നും തങ്ങൾ ശരിമാത്രമാണ് ചെയ്തതെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.

അത് കൊണ്ട് ഭയമില്ല, കേസ് അന്വേഷിക്കാൻ ഉത്തരവിടേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും ഇ.പി ജയരാജൻകൂട്ടിച്ചേർത്തു. കോൺഗ്രസ് തന്നെ കൊല്ലാൻ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘എന്റെ പേരിൽ കേസെടുക്കണമെന്ന് മാത്രമല്ല, എന്നെ കൊല്ലാൻ നടക്കുന്നവരല്ലേ അവർ. അങ്ങനെയുള്ള ഒരു കൂട്ടർ, അവരിൽ നിന്ന് നമ്മൾ വേറെയൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്നെ വണ്ടിയിൽ വെടിവയ്ക്കാൻ വേണ്ടി വാടകക്കൊലയാളികളെ അയച്ചു. യഥാർത്ഥത്തിൽ ഒന്നാമത്തെ ലക്ഷ്യം ഞാനായിരുന്നില്ല. മുഖ്യമന്ത്രിയെ വധിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനാണ് വാടകക്കൊലയാളികളെ പണം കൊടുത്ത് ഡൽഹിയിൽ കൊണ്ടുപോയത്. പാർട്ടി കോൺഗ്രസിന് പോകുമ്പോൾ പിണറായിയും ഞങ്ങളും ഒരുമിച്ചായിരുന്നു. തിരിച്ചുവരുമ്പോൾ ഡൽഹിയിൽനിന്ന് അദ്ദേഹം വേറെ വഴിക്കു വന്നു. ഞങ്ങൾ ട്രയിനിനു വന്നു. ഞങ്ങളെല്ലാം ട്രയിനിലുണ്ട് എന്നു കരുതിയാണ് കൊലയാളികൾ കയറിയത്. പൊലീസിട്ട എഫ്.ഐ.ആറിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!