ലുലു മാളിൽ നമസ്കരിച്ച നാല് പേർ അറസ്റ്റിലായി. നമസ്കരിച്ചവരിൽ അമുസ്ലീംങ്ങളില്ലെന്ന് യു.പി പൊലീസ്
ലഖ്നൗവിലെ ലുലു മാളിൽ നമസ്‌കാരം നടത്തിയതിന് നാല് പേരെ ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തു. ആരോപിക്കപ്പെടുന്ന നാല് പേരും മുസ്ലീങ്ങളാണ്, അവരെ ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് വ്യക്തമാക്കി.
ലുലുമാളിൽ നമസ്കാരക്കാനെത്തിയവർ അമുസ്ലീംങ്ങളാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൊലീസ് നിഷേധിച്ചു. മാളിൽ അമുസ്ലിംങ്ങൾ ആരും നമസ്കരിച്ചിട്ടില്ലെന്നും, നമസ്കരിച്ചവരുടെ പേര് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും പൊലീസ് വ്യക്തമാക്കി. ജൂലൈ 12 ന് ലുലു മാളിൽ നമസ്‌കരിക്കുന്നത് ക്യാമറയിൽ പതിഞ്ഞ എട്ട് പേരും അമുസ്‌ലിംകളാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ലഖ്‌നൗ പോലീസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
ജൂലൈ 15 ന് അറസ്റ്റിലായ സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി, അർഷാദ് അലി എന്നീ നാല് പേർ വിവാദമായ നമസ്കാര സംഭവത്തിന് ശേഷം, സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെ മതപരമായ ചടങ്ങുകൾ നടത്താൻ ശ്രമിച്ചവരാണെന്ന് ലഖ്‌നൗ കമ്മീഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വിവാദ നമസ്കാര സംഭവത്തിന് ശേഷം സരോജ് നാഥ് യോഗി, കൃഷ്ണകുമാർ പഥക്, ഗൗരവ് ഗോസ്വാമി എന്നിവർ പൂജ നടത്താൻ ശ്രമിച്ചപ്പോൾ, ഇതിനെതിരായി അർഷാദ് അലി നമസ്കാരം നിർവഹിച്ചു. ഈ സംഭവത്തിലാണ് സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെ മതപരമായ ചടങ്ങുകൾ നടത്താൻ ശ്രമിച്ച കേസിൽ ഇവരെ നാല് പേരെയും കസ്റ്റഡിയിലെടുത്തത്.
ജൂലായ് 12 ന് മാളിനകത്ത് നമസ്‌കാരം നടത്തിയെന്ന് പറയപ്പെടുന്ന എട്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ ഇന്നലെ (തിങ്കളാഴ്ച) അറിയിച്ചു.
ജൂലൈ 15 ന് അറസ്റ്റിലായ നാല് പേരിൽ മൂന്ന് ആളുകളുടെ പേരുകളും ഉൾപ്പെടുത്തി തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും പ്രസ്താവനയിൽ പൊലീസ് പറയുന്നു.
ഈ നാലുപേരെക്കൂടാതെ, ഷോപ്പിംഗ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകർത്തതിന് 18 പേർക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാൻ ചാലിസ ചൊല്ലിയതിനും ഐക്യം തകർക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനും രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
മാളിൽ നമസ്കാരം നടത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾക്കായി മാളിലെ സിസിടിവി പൊലീസ് പരിശോധിച്ചുവരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ശ്രീവാസ്തവ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“മാധ്യമങ്ങളിൽ വരുന്ന വാർത്താ റിപ്പോർട്ടുകളെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല, എന്നാൽ അന്വേഷണം പുരോഗമിക്കുകയാണ്, ഞങ്ങൾ പരിസരത്ത് നമസ്‌കരിച്ച വ്യക്തികളുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് ശ്രീവാസ്തവ പറഞ്ഞു.
‘കുറ്റവാളികൾക്കെതിരെ കർശന നടപടി’
ലുലു മാൾ വിവാദം പരാമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സുരക്ഷാ വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും ശല്യപ്പെടുത്താൻ ശ്രമിക്കുന്ന “കുറ്റവാളികളെ” കർശനമായി നേരിടുമെന്നും പറഞ്ഞു.
“ചില ആളുകൾ അനാവശ്യ പ്രസ്താവനകൾ നടത്തുകയും മാൾ സന്ദർശിക്കുന്ന ആളുകളുടെ സഞ്ചാരം തടയുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പ്രാർത്ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡിൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെയും സംഘടിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുവാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമുദായിക സൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു. പ്രാർത്ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയം ഗൗരവമായി കാണും. ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. മാളിൽ കയറി ഹനുമാൻ ചാലിസ ചൊല്ലിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.
അതേ സമയം ഒരാഴ്ചയ്ക്കുള്ളിൽ ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് വിനോദ കേന്ദ്രമായി ലുലു മാൾ മാറി. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ തന്നെ 7 ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവ നിരവധി ഓഫറുകളും കിഴിവുകളും ഒരുക്കിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക