അടിവസ്ത്രമഴിപ്പിച്ച് പരിശോധന: കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു; കൂടുതൽ പെണ്‍കുട്ടികള്‍ പരാതി നൽകി
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി.
കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ഹൈബി ഈഡനും കെ.മുരളീധരനുമാണ് ലോക്സഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്.
പ്രശ്നം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അംഗം ജെബി മേത്തറും അറിയിച്ചു. എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിലപാട്. പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഏജന്‍സി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
അതേ സമയം സമാന പരാതികളുമായി കൂടുതൽ വിദ്യാർഥിനികൾ രംഗത്തെത്തി. കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് മൂന്ന് പെണ്‍കുട്ടികള്‍കൂടി ചൊവ്വാഴ്ച പരാതി നല്‍കി. മോശം അനുഭവമാണ് ഉണ്ടായതെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും പരീക്ഷ കേന്ദ്രത്തില്‍ ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടന്‍ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്‌കാന്‍ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവര്‍ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ അങ്ങോട്ടേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല. പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവര്‍ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാന്‍ മുറിയില്‍ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതിനകത്ത് ഒരു മേശമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു’ – വിദ്യാര്‍ഥിനി പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അടിവസ്ത്രം സൂക്ഷിച്ച മുറിക്ക് പുറത്ത് വലിയ തിരക്കായിരുന്നു. ഭാഗ്യംകൊണ്ടാണ് തിരക്കിനിടയില്‍ നിന്ന് അടിവസ്ത്രം കിട്ടിയത്. ചില കുട്ടികള്‍ അവിടെ കരയുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി മുറിയിലേക്ക് ഇടിച്ചുകയറിയതോടെ അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയില്‍ ചുരുട്ടിക്കൊണ്ട് പോകാമെന്നും അവിടെനിന്നവര്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ വളരെ സങ്കടമായെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ഷാള്‍ ഇല്ലാത്തതിനാല്‍ അടിവസ്ത്രം അഴിച്ചതോടെ മുടി മുന്നിലിട്ട് മറച്ചാണ് പരീക്ഷ എഴുതിയതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ഇരുന്നത് വല്ലാത്ത അവസ്ഥയായിരുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
ശൂരനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഏജന്‍സി ജീവനക്കാര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പരാതിയില്‍ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെയാണ്, സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക