വിമാനത്തിലെ പ്രതിഷേധം: വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി, ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. ഇ.പി.ജയരാജ ജയനും, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും യാത്രാവിലക്ക്‌

മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ കുരുക്കില്‍. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കി.

മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം കാണുന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ഇതില്‍ ചോദിക്കുന്നു.
എന്നാല്‍, ഈ വാട്‌സ്ആപ്പ് ചാറ്റിന്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല. എന്നാല്‍, വിഷയം സിപിഎം ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ ഈ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നുമുണ്ട്.

അതേസമയം വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ശബരിനാഥനെ പോലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്യുക. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം എസി ശബരിനാഥന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തുവന്നത് എന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ചാറ്റുകള്‍ പുറത്തുപോകാന്‍ കാരണമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന ഒരുവിഭാഗമാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

അതേ സമയം വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെയും യാത്ര വിലക്ക് ഏർപ്പെടുത്തി.

ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ യാത്രാവിലക്ക് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് വിലക്ക്. ഈ മാസം 16 മുതലാണ് വിലക്ക് പ്രാബല്യത്തിലായി.

ഇന്‍ഡിഗോയുടെ നടപടിയോടെ സംഭവത്തിലെ സത്യം പുറത്തുവന്നുവെന്നു പ്രതിഷേധക്കാരില്‍ ഒരാളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് പ്രതികരിച്ചു. ഇപിക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കിലും സത്യം പുറത്തുവന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ പറഞ്ഞു. യാത്രാവിലക്കുമായി ബന്ധപ്പെട്ട ഇമെയിൽ അറിയിപ്പ് ലഭിച്ചുവെന്നും ഫര്‍സീന്‍ വ്യക്തമാക്കി.

കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു.

ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തില്‍ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!