പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; സ്കൂളിൽ സംഘർഷാവസ്ഥ, 50 ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി

സ്വകാര്യ ബോർഡിങ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്ത് വൻ സംഘർഷം. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂൾ ആക്രമിച്ചു. 30 സ്കൂൾ ബസും നാലു പൊലീസ് വാഹനങ്ങളും ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി. നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരുക്കേറ്റു.

രാവിലെ 10 മണിയോടെ ആരംഭിച്ച പ്രതിഷേധം 10.30 ഓടെ അക്രമാസക്തമായി. ജനക്കൂട്ടം മുഴുവൻ സ്കൂൾ കെട്ടിടവും ക്ലാസ് മുറികളും പ്രിൻസിപ്പലിന്റെ ക്യാബിനും അടിച്ചുതകർക്കുകയും കാമ്പസിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾക്ക് തീയിടുകയും ചെയ്തു.

സ്കൂളിനകത്ത് കടക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞ സമരക്കാർ, സ്കൂളിനകത്ത് അക്രമം തുടരുകയാണ്. സമീപ ജില്ലകളിൽനിന്ന് കൂടുതൽ പൊലീസ് കള്ളക്കുറിച്ചിയിലേക്ക് തിരിച്ചു.

 

 

പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പിരിഞ്ഞുപോകാതെ പ്രതിഷേധക്കാർ സ്കൂളിനകത്ത് അക്രമം തുടരുകയാണ്.

തമിഴ്നാട് പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബുവിനോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും കള്ളക്കുറിച്ചിയിലെത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചു. മന്ത്രിതല സംഘവും സംഘർഷം നിയന്ത്രിക്കാൻ കള്ളക്കുറിച്ചിയിലെത്തും. അക്രമം തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

സംഘർഷത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു. ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരൻ വിദ്യാർഥിനിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു.

 

 

പഠിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ, കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.

 

 

ഞായറാഴ്ച രാവിലെ, പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെയും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്ന വിദ്യാർഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം. ഇന്നലെ മുതൽ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായിരുന്നു. പ്രദേശത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചു.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, മരണം നടന്ന സ്‌കൂളിലും ഹോസ്റ്റലിലും രണ്ടായിരത്തോളം പേർ തടിച്ചുകൂടി. നേതൃത്വമില്ലെങ്കിലും, പ്രായോഗികമായി പ്രദേശത്തെ എല്ലാ പ്രധാന യുവജന ഗ്രൂപ്പുകളും പ്രതിഷേധത്തിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആളുകളെ അണിനിരത്തുന്നതിൽ ഏർപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!