സൗദിയും യുഎസും വിവിധ വിഷയങ്ങളിൽ കരാറൊപ്പിട്ടു; ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ഉറ്റു നോക്കി ലോകരാജ്യങ്ങൾ
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശന വേളയിൽ ഊർജം, വാർത്താവിനിമയം, ബഹിരാകാശം, ആരോഗ്യം, ഐടി, ടൂറിസം, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ യുഎസും സൗദി അറേബ്യയും തമ്മിൽ 18 പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചു. സൌദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമാണ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.
യുഎസ് എയ്റോസ്പേസ്, പ്രതിരോധ കമ്പനികളായ ബോയിംഗ്, റേതിയോൺ, ഹെൽത്ത് കെയർ കമ്പനികളായ മെഡ്ട്രോണിക്, ഡിജിറ്റൽ ഡയഗ്നോസ്റ്റിക്സ്, ഐക്യുവിഐഎ എന്നിവയുമായുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് സൗദി ന്യൂസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ക്ലീൻ എനർജി പദ്ധതികൾ, ആണവോർജം, യുറേനിയം എന്നിവയിലും ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു.
യമൻ യുദ്ധമവസാനിപ്പിക്കാൻ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കുവാനും, ഇറാന്റെ ഭീഷണി നേരിടാൻ ജിസിസിയുടെ നേതൃത്വത്തിൽ സഹകരിക്കുവാനും ധാരണയായി. കൂടാതെ സൗദിയുടെ വ്യോമപാത ഇസ്രയേലുൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കുവാൻ അനുവാദം നൽകും. ഇപ്പോൾ ഈജിപ്തിൻ്റെ കൈവശമുള്ളതും സൗദിക്ക് അവകാശപ്പെട്ട തിറാൻ ദ്വീപിൽ നിന്നും യുഎസ് സംഘം പിൻവാങ്ങുവാനും ധാരണയായി.
റഷ്യയും ചൈനയും സ്വാധീനം ചെലുത്തുന്ന ദരിദ്ര രാഷ്ട്രങ്ങളിൽ ജിസിസിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സൗകര്യമൊരുക്കുവാനും, ഇറാനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇറാഖിന് ജിസിസി വൈദ്യുത ശൃംഖലയിൽ നിന്നും വൈദ്യുതി ലഭ്യമാക്കുവാനും ധാരണയായിട്ടുണ്ട്.
മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗ്ജിയുടെ വധത്തിന് ഉത്തരവാദി കിരീടാവകാശിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോ ബൈഡൻ അറിയിച്ചു. ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബൈഡൻ യുഎസിലേക്ക് മടങ്ങും.
ഡിജിറ്റൽ സാങ്കേതിക വിദ്യാ മേഖലയിൽ ഒരു ലക്ഷം സൗദി യുവതി യുവാക്കൾക്ക് യുഎസ് നേതൃത്വത്തിൽ പരിശീലനം നൽകുവാനുള്ള തീരുമാനത്തേയും, പൊതു ആരോഗ്യ രംഗം, മെഡിക്കൽ സയൻസ്, ആരോഗ്യ ഗവേഷണ മേഖലയിലും പരസ്പരം സഹകരിക്കാനുമുള്ള തീരുമാനത്തെയും ശ്രദ്ധയോടെയാണ് പ്രവാസികൾ നിരീക്ഷിക്കുന്നത്.
ഇന്ന് നടക്കുന്ന ജിസിസി രാജ്യങ്ങളുടെ ഉച്ചക്കോടി പലകാര്യങ്ങൾകൊണ്ടും ശ്രദ്ധേയമാണ്. ലോക രാജ്യങ്ങളെ പോലെ തന്നെ പ്രവാസികളും കാത്തിരിക്കുകയാണ് ജിസിസി തീരുമാനങ്ങളറിയാൻ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക